കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുണ്ടായ ആരോപണങ്ങൾക്കും പിന്നാലെ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂട്ടമായി രാജിവെച്ചതിൽ ഭിന്നത. രാജിവെച്ചിട്ടില്ലെന്ന വാദവും വിയോജിപ്പോടു കൂടിയാണ് രാജിവെച്ചതെന്നും താരങ്ങൾ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. സരയുവിനെ കൂടാതെ വിനു മോഹൻ, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവർക്കും കൂട്ടരാജിയിൽ വിയോജിപ്പ് ഉണ്ട്.
‘ഐകകണ്ഠേനയാണ് രാജിയെന്ന് പറയാൻ കഴിയില്ല. ഞാൻ ഇതുവരെ രാജിസമർപ്പിച്ചിട്ടില്ല. രാജി സമർപ്പിക്കാൻ കഴിയില്ലെന്നാണ് യോഗത്തിൽ നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തിൽ വിയോജിപ്പ് ഉണ്ട്’, എന്നാണ് സരയു പ്രതികരിച്ചത്. താൻ ഇപ്പോഴും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. കമ്മിറ്റി തിരക്കുപിടിച്ച് പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും സരയു പറഞ്ഞു.
ആരോപണ വിധേയർ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാർമിതക മുൻനിർത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താൽപര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കി.
‘സിനിമയുടെ ഉള്ളിൽ ഇത്തരം പ്രവണതകൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ, ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ല. എന്നാൽ സിനിമകളുടെ കാര്യത്തിൽ അടക്കം വേർതിരിവ് അനുഭവപ്പെട്ടിട്ടുണ്ട്. 2007 മുതലാണ് നായികയായി എത്തുന്നത്. വളരെയധികം സങ്കടമുണ്ട് റിപ്പോർട്ട് വായിച്ചപ്പോൾ. തങ്ങൾ അനുഭവിച്ചതിനേക്കാൾ കൂടുതൽ തീവ്രതയിൽ ചിലർ നടന്നുപോയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചപ്പോൾ മനസ്സിലായി. അസോസിയേഷന്റെ ഭാരവാഹിയായിരിക്കുമ്പോൾ വ്യക്തിപരമായി
സംസാരിക്കുന്നതിൽ പരിമിധിയുണ്ട്. എഎംഎംഎ നിലനിൽപ്പിന് വേണ്ടി പ്രവർത്തിക്കും’, എന്നാണ് അനന്യ പ്രതികരിച്ചത്.