മഴക്കാലം ജനങ്ങള്‍ക്ക് കാലാവസ്ഥാ കെടുതിയുടെയും പ്രളയഭീതിയുടെയും കാലമാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയത്തിന് നാം സാക്ഷ്യം വഹിച്ചു. കളവപ്പാറയിലെയും പുതുമലയിലെയും മണ്ണൊലിപ്പ് സൃഷ്‌ടിച്ച ദുരന്തങ്ങള്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോഴേക്കും പെട്ടിമുടിയി ലെ ദാരുണസംഭവം അരങ്ങേറി. ഓരോ വര്‍ഷവും കാലാവസ്ഥാ കെടുതിയുടെ ഇരകളായി കുറെ മനുഷ്യര്‍ ദുരിതകയത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ മനുഷ്യസാധ്യമായ മുന്‍കരുതലുകളെ കുറിച്ച് ഗൗരവമേറിയ എന്ത് ആലോചനയാണ് അധികൃതര്‍ നടത്തുന്നത്?
മഴ സാധാരണയില്‍ കവിഞ്ഞ് കനക്കുമ്പോഴേക്കും റോഡുകളിലെ വെള്ളത്തിന്റെ തോത് അല്‍പ്പമൊന്ന് ഉയരുമ്പോഴേക്കും അശാസ്‌ത്രീയ വികസനത്തെയും പ്രകൃതി ദുരന്ത മാനേജ്‌മെന്റിലെ വീഴ്‌ചയെയും കുറിച്ചുള്ള മാധ്യമങ്ങളുടെ അതീവവാചാലത പതിവുകാഴ്‌ചയാണ്. എല്ലാ വര്‍ഷവും ഈ സമയത്ത് തങ്ങളുടെ വാദങ്ങള്‍ ഒരു വഴിപാട് പോലെ ആവര്‍ത്തിക്കുന്നവരാണ് നമ്മുടെ തീവ്രപരിസ്ഥിതി വാദികള്‍. പക്ഷേ പ്രകൃതി സൃഷ്‌ടിക്കുന്ന ദുരിതത്തിനു നേരെയുള്ള ചെറുത്തുനില്‍പ്പ് അവരുടെ ചില താല്‍പ്പര്യങ്ങള്‍ക്കു വിട്ടുകൊടുക്കേണ്ട വിഷയമല്ല. സ്ഥാനത്തും അസ്ഥാനത്തും അവര്‍ വിളമ്പുന്ന പാരിസ്ഥിതിക മൗലികവാദത്തിന് ഉപരിയായി മനുഷ്യന്റെ സാമാന്യമായ നിലനില്‍പ്പിന് സഹായകമായ വിധം പ്രകൃതിയെ സമീപിക്കുന്നതിനും അതിനെ ബഹുമാനിക്കുന്നതിനും നാം ശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശാലമായ ഒരു സാമൂഹ്യ കാഴ്‌ചപ്പാടിനുള്ളില്‍ നിന്നു കൊണ്ട് ചര്‍ച്ച നടക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ തീവ്രപരിസ്ഥിതി വാദം, തീവ്രവികസന വാദം എന്നീ രണ്ട് മൗലിക വാദങ്ങള്‍ക്കിടയിലെ പൊതുവായി എത്തിച്ചേരേണ്ട,സുസ്ഥിര വികസനം എന്ന വീക്ഷണ കോണില്‍ നിന്നുള്ള ആരോഗ്യകരമായ ചര്‍ച്ചയായി അത് മാറുന്നില്ല.
കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും പൊതുവില്‍ നേരിടുന്ന ഒരു പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രദേശത്തിന് മാത്രമായി അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക സാധ്യമല്ല. അതിന്റെ ആഘാതങ്ങളെ ഓരോ ഭൂപ്രകൃതിക്കും അനുസരിച്ച് വിവിധ ദേശങ്ങളിലെ മനുഷ്യരും മറ്റ് ജീവികളും വ്യത്യസ്‌ത രീതിയിലും തോതിലും നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴും ചില കെടുതികളെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്ന വസ്‌തു ത തിരിച്ചറിയേണ്ടതുണ്ട്.
നിര്‍മാണ പ്രവര്‍ത്തനവും റോഡ് വികസനവുമൊക്കെ ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള ചട്ടങ്ങള്‍ പാലിച്ചു മാത്രം നടപ്പിലാക്കിയില്ലെങ്കില്‍ സുസ്ഥിര വികസനം സാധ്യമാകാതെ പോകും. അമിതമായി ചില വേളകളിലെത്തുന്ന വെള്ളം ഒഴുകി പോകാനും അതിനെ ഭൂമി സ്വീകരിക്കും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രീയമാക്കാനും മലഞ്ചെരിവുകളിലെ ഉരുള്‍പൊട്ടല്‍ ഒരു പതിവായി മാറുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനുമൊക്കെ ശ്രമിക്കുകയും പതിവാകുന്ന കെടുതികളുടെ ആഘാതം കുറയ്‌ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്‌തില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് ആ പേരിന് ചേരാനാകാത്തെ വിധം കഷ്‌ടപ്പാടുകളുടെയും ദുരന്തങ്ങളുടെയും തനിയാവര്‍ത്തനത്തിന് സാക്ഷിയാകേണ്ടി വരും.
വികസിതരാജ്യങ്ങളില്‍ വികസനം ഭാവിയിലും നിലനില്‍ക്കുന്നതായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രിതമായി നടപ്പിലാക്കുന്നത്. മനുഷ്യനിര്‍മിതമായ ദുരന്തങ്ങള്‍ പരമാവധി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വികസനം എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്നത്. അപ്പോഴും ഒഴിവാക്കാനാകാത്തതും നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തതുമായ പ്രകൃതിയുടെ താണ്‌ഡവങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയാറായി ഇരിക്കുകയും ചെയ്യുന്നു. ചുഴലികാറ്റും പ്രളയവും പതിവുള്ള വികസിതരാജ്യങ്ങളില്‍ അവര്‍ അതിനുള്ള തയാറെടുപ്പ് വളരെ മുന്നേ നടത്തുന്നു. അത്തരം രാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനവും അതിനെ അടിസ്ഥാനമാക്കിയുള്ള മുന്‍കരുതലുകളും കാര്യക്ഷമതയില്‍ എത്രയോ മുന്നിലാണ്. അതിന്റെ ചെറിയൊരു ശതമാനം എങ്കിലും കൈവരിക്കാന്‍ നമുക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം ആവശ്യമാണ്. അത് സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍ഗണനയിലേക്ക് അധികാര രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി ഈ വിഷയം കടന്നുവരണം.