മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.
‘അൽമുന്തർ’ ട്രാൻസ്‌പോർട്ടർ 13 എന്ന ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട 74 പേലോഡുകളിലൊന്നാണ്. ബഹ്‌റൈനിന്റെ ബഹിരാകാശ ഗവേഷണ മേഖലയിലേക്കുള്ള വലിയ മുന്നേറ്റമായ ഇത് രാജ്യത്തിന്റെ സാങ്കേതിക ശേഷിയും ശാസ്ത്ര പുരോഗതിയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതായാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
ബഹ്‌റൈൻ ബഹിരാകാശ ഏജൻസിയുടെ (Bahrain National Space Science Agency – NSSA) നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹം പരിസ്‌ഥിതി നിരീക്ഷണം, വിവര ശേഖരണം, സാങ്കേതിക ഗവേഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കും.
