Web Desk
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് സീറ്റ് വർധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ് 2020–21 അക്കാദമിക് വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം നടത്തിയത്.
ബിരുദ കോഴ്‌സുകൾക്ക് പരമാവധി സീറ്റ് 70 വരെയാക്കാം. നിലവിൽ 50–60 സീറ്റ് ഉണ്ട്. പരിധി ഉയർത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ് വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ 30 സീറ്റും വരെയാക്കാം. ഇതിനുള്ള അധികാരം കോളേജുകൾക്കായിരിക്കും. സർക്കാരിന് അധിക സാമ്പത്തികബാധ്യത വരുത്താൻ പാടില്ല.
അടിസ്ഥാന സൗകര്യവും അക്കാദമിക് ശേഷിയും സർവകലാശാലകൾ പരിശോധിച്ച് ഉറപ്പാക്കണം. നിലവിൽ കൂടുതൽ സീറ്റുണ്ടെങ്കിൽ അവ നിലനിൽക്കും. വർധിപ്പിക്കുന്ന സീറ്റുകൾ പുതിയ അക്കാദമിക് വർഷത്തെ അലോട്ട്‌മെന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തും.കോവിഡ്‌കാലത്ത് അർഹതയുള്ള ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ പറഞ്ഞു. 71 സർക്കാർ കോളേജ്, 197 എയ്‌ഡഡ് കോളേജ്, 600 അൺ എയ്‌ഡഡ് കോളേജ് എന്നിവയാണ് സംസ്ഥാനത്ത് ആർട്‌സ് ആൻഡ് സയൻസ് മേഖലയിലുള്ളത്.