അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ പൊലീസുമായി സഹകരിച്ച് അൽ ഹെലിയോ മേഖലയിലുടനീളം ശൈഖ് സായിദ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നവീന റോഡ് പദ്ധതിക്ക് തുടക്കമായി. മൊത്തം 2.8 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി 6.3 കോടി ദിർഹം ചെലവിൽ നടപ്പിലാകും.
പദ്ധതി, അജ്മാനിലെ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ ദിശാനിർദ്ദേശ പ്രകാരമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജനസംഖ്യയും നഗരവികസനവും വേഗത്തിലാകുന്ന സാഹചര്യത്തിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപംകൊണ്ടത്.
അജ്മാൻ വിഷൻ 2030-നുമായി പൊരുത്തപ്പെടുന്നതും എമിറേറ്റിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് തുടക്കം കുറിക്കുന്നതുമായ ഇടപെടലാണ്. സുസ്ഥിര ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിൽ ഇത് നിർണായക ഘടകമാകും.
അജ്മാനിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡ് ശൃംഖലകളെ പുതുക്കാനും ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതിയുടെ നടപ്പാക്കൽ. വിവിധ മേഖലകളിൽ മനുഷ്യജനങ്ങളുടെയും വാഹന ഗതാഗതത്തിന്റെയും നിരന്തരമായ വർധനവിനൊത്ത് ഗതാഗത സംവിധാനത്തെ കരുത്തുറ്റതാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.