രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയപരമായ പക്ഷാഘാതം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് പ്രതികൂലമായി ഭവിച്ചിരുന്നു. മികച്ച `തിങ്ക് ടാങ്ക്’ ഉണ്ടായിട്ടും ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കാന്‍ മികവ് കാട്ടിയിട്ടും അത് നടപ്പിലാക്കാനുള്ള ധൈര്യം മിക്കപ്പോഴും യുപിഎ സര്‍ക്കാരിന് കൈമോശം വന്നു. മുന്നണി സര്‍ക്കാരിലെ ആരെങ്കിലും എതിര്‍ശബ്‌ദം ഉയര്‍ത്തിയാല്‍ വിദഗ്‌ധരുടെ അഭിപ്രായങ്ങള്‍ തേടിയും ഏറെ ആലോചിച്ചും എടുത്ത സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് മാറ്റിവെക്കുന്ന തരത്തില്‍ ഇച്ഛാശക്തിയുടെ അഭാവം നേതൃത്വത്തെ ബാധിച്ചിരുന്നു. ഇതിനെല്ലാം തിരഞ്ഞെടുപ്പ് തോല്‍വിയുടെ രൂപത്തില്‍ യുപിഎക്ക് വില കൊടുക്കേണ്ടിയും വന്നു.
യുപിഎ സര്‍ക്കാരിന്റെ കോട്ടങ്ങളെയും വീഴ്‌ചകളെയും പ്രചാരണ ആയുധമാക്കിയാണ് 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയം നേടിയത്. യുപിഎ സര്‍ക്കാരിന് ഇല്ലാതെ പോയ ഇച്ഛാശക്തി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രകടിപ്പിച്ചു. അതുപക്ഷേ ഇച്ഛാശക്തി എന്നതിന് അപ്പുറം ധാര്‍ഷ്‌ട്യം നിറഞ്ഞതും ഏകപക്ഷീയവുമായ തീരുമാനങ്ങളുടെ പ്രയോഗമായിരുന്നു.
നീണ്ട കൂടിയാലോചന നടത്തിയെടുക്കുന്ന ഉചിതമായ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക സമീപനം കാണിക്കാത്തതാണ് യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര ആയിരുന്നതെങ്കില്‍ മതിയായ ആലോചന പോലും നടത്താതെ അതിവേഗമെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുകയും അതിന്റെ ദൂഷ്യം ജനങ്ങളെ കൊണ്ട് അനുഭവിപ്പിക്കുകയുമായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ രീതി. നോട്ട് നിരോധനം തന്നെ ഏറ്റവും നല്ല ഉദാഹരണം. സര്‍ക്കാരിലെ ധനമന്ത്രി, ധനകാര്യ ഉപദേഷ്‌ടാവ് തുടങ്ങിയവര്‍ പോലും അറിയാതെയാണ് നോട്ട് നിരോധന തീരുമാനം കൈകൊണ്ടതെന്നാണ് കേട്ടുകേള്‍വി. അതിന്റെ ദുരിതം മുഴുവന്‍ ജനം അനുഭവിക്കുകയും ചെയ്‌തു. നോട്ട് നിരോധനത്തിന് പിന്നില്‍ പുറമെ പറഞ്ഞ സാമ്പത്തിക ലക്ഷ്യങ്ങളേക്കാള്‍ ഉണ്ടായിരുന്നത് രാഷ്‌ട്രീയ ലാക്കായിരുന്നു.
കോവിഡ് വന്നതിനു ശേഷവും എന്‍ഡിഎ സര്‍ക്കാരിന്റെ രീതിയില്‍ കാര്യമായ മാറ്റമുണ്ടായില്ല. നോട്ട് നിരോധനവും ജിഎസ്‌ടി നടപ്പിലാക്കലും പോലുള്ള പ്രായോഗികമായി സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടി നല്‍കിയ നടപടികളുടെ തുടര്‍ച്ചയാണ് കൃഷി നിയമങ്ങള്‍ പാസാക്കിയതും വിവര സാങ്കേതിക വിദ്യാ ചട്ടങ്ങള്‍ കൊണ്ടുവന്നതും.
ധൃതി പിടിച്ചും അശാസ്‌ത്രീയമായും തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്ന രീതി സര്‍ക്കാര്‍ തുടരുന്നു. കൃഷിനിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയതിന്റെയും കര്‍ഷക സമരത്തെ ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്നതിന്റെയും രീതി തന്നെ ഉദാഹരണം. ധൃതി പിടിച്ച് നിയമങ്ങള്‍ പാസാക്കിയതു വഴി കര്‍ഷകരെ സര്‍ക്കാരിന്റെ ശത്രുക്കളാക്കി മാറ്റി.
മെല്ലെപോക്ക് പോലെ തന്നെ ദോഷകരവും അതിലേറെ അപകടകരവുമാണ് അതിവേഗത. ഇതിനിടയിലുള്ള മധ്യസ്ഥായിയാണ് യുക്തിസഹമായി പെരുമാറുന്ന ഒരു സര്‍ക്കാരിന് ഉണ്ടാകേണ്ടത്.