കോൺടെക്യു എക്സ്പോയിലെ സ്റ്റാർട്ടപ്പ് പവലിയനിൽ ട്രാഷ് ഇ പ്രൊജക്ടുമായി സൈദ് സുബൈറും (ഇടത്തുനിന്ന് രണ്ടാമത്) സഹപാഠികളും
ദോഹ: പച്ചയും നീലയും ചാര നിറങ്ങളിലുമായി ഖത്തറിലെ തെരുവുകളിലും താമസകേന്ദ്രങ്ങളിലും മാലിന്യം കാത്തുകഴിയുന്ന വലിയ വീപ്പകളെ മറന്നേക്കുക. പകരം, മാലിന്യം കളയാൻ എത്തുന്നയാളെ കാത്തിരിക്കുന്നത് ഒരു ഡോർ മാത്രമുള്ള വലിയൊരു ബോക്സ്. പ്ലാസ്റ്റിക്കും ജൈവ -ഖര മാലിന്യവും പുനരുപയോഗിക്കാവുന്നതുമെല്ലാം ഈ ഡോറിലൂടെ അകത്തേക്ക് എറിഞ്ഞാൽ അവ കൃത്യമായി തരംതിരിച്ച് നിശ്ചിത വീപ്പയിൽതന്നെ എത്തിക്കാൻ അവിടെയൊരാളുണ്ട്.
നിർമിത ബുദ്ധിയുടെ പുതിയകാലത്ത് ആ ജോലിയും എ.ഐ സാങ്കേതിക വിദ്യക്ക് നൽകി മാലിന്യ സംസ്കരണം ഹൈടെക് ആക്കിമാറ്റി കൈയടി നേടിയിരിക്കുകയാണ് ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥിയായ വടകര എടച്ചേരി സ്വദേശി സൈദ് സുബൈർ മാലോൽ. ദോഹ സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ബി.എ അക്കൗണ്ടിങ് ബിരുദ വിദ്യാർഥിയായ സൈദ് സുബൈറും സഹപാഠികളും ചേർന്ന് വികസിപ്പിച്ചെടുത്ത ‘ട്രാഷ് ഇ’ പദ്ധതി ബുധനാഴ്ച സമാപിച്ച ‘കോൺടെക്യൂ’ പ്രദർശന വേദിയിലും താരമായി.
ഖത്തറിലെ കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി, വാണിജ്യ-വ്യവസായ, തൊഴിൽ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ലോകോത്തര മേളയുടെ സ്റ്റാർട്ടപ് വിഭാഗത്തിലാണ് സുബൈർ സൈദും കൂട്ടുകാരായ മഖൈല ഖാൻ, വഖാസ് ബെഹ്സാദ്, അതിയ സൈദ്, തസീൻ ബിൻ അസദ് എന്നിരുടെ നേതൃത്വത്തിൽ വികസിപ്പിച്ച ‘ട്രാഷ് ഇ’ മാലിന്യ നിർമാർജന പദ്ധതിയും ഇടം നേടിയത്. കോളജ് കാമ്പസിലെ മാലിന്യ വീപ്പയിൽ എല്ലാതരം മാലിന്യങ്ങളും ഒന്നിച്ചുകലർന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് സൈദിന്റെയും കൂട്ടുകാരുടെയും മനസ്സിൽ ഇതിനെന്ത് പരിഹാരം എന്ന ചിന്തയുദിക്കുന്നത്.
ജൈവ, അജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽനിന്നുതന്നെ വേർതിരിച്ച് നിക്ഷേപിക്കാൻ വ്യത്യസ്ത തരം വീപ്പകൾ മുനിസിപ്പാലിറ്റി മന്ത്രാലയം നൽകുന്നുണ്ടെങ്കിലും താഴെക്കിടയിൽ ആളുകൾ വേണ്ടത്ര ജാഗ്രതയില്ലാതെ മാലിന്യം നിക്ഷേപിക്കുന്നത് സംസ്കരണ പ്രക്രിയ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന തിരിച്ചറിവിലാണ് ഇതിനുള്ള പോംവഴിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്ന് സൈദ് പറഞ്ഞു.
കൂട്ടുകാരുമായി പങ്കുവെച്ച് വികസിപ്പിച്ച ആശയം ഇവർ ‘ട്രാഷ് ഇ’ എന്ന പേരിൽ സ്റ്റാർട്ടപ് സ്ഥാപിച്ചായി ഗവേഷണം. കോമേഴ്സുകാരായ നാലുപേർക്കൊപ്പം എൻജിനീയറിങ് വിദ്യാർഥിയായ താസീനും ചേർന്നതോടെ സംഗതി സെറ്റ്. ഖത്തർ യൂനിവേഴ്സിറ്റി എ.ഐ ഇന്നൊവേഷൻ പ്രോഗ്രാമിൽ പങ്കെടുത്തത് ആശയം അവതരിപ്പിച്ചപ്പോൾ കൈയടിയോടെ സ്വാഗതം ചെയ്തു. പിന്നാലെ കഴിഞ്ഞ മേയ് മാസത്തിൽ ഖത്തർ ഡെവലപ്മെന്റ് ബാങ്കിനു കീഴിൽ നടന്ന ഖത്തർ ഇന്നൊവേഷൻ ഹാക്കത്തണിൽ ‘ടെക് ട്രാൻസ്ഫോർമേഷൻ’ വിഭാഗത്തിൽ വിജയിച്ചു.
35,000 റിയാലായിരുന്നു എൻട്രപ്രണേറിയൽ സ്പിരിറ്റ് അവാർഡായി ലഭിച്ചത്. ഈ നേട്ടത്തിനു പിന്നാലെ, തങ്ങളുടെ ആശയം നിർമാണഘട്ടത്തിലേക്ക് നീങ്ങവേയാണ് സൈദും കൂട്ടുകാരും ‘കോൺടെക്യൂ’വിലുമെത്തുന്നത്. ഇവിടെ തങ്ങളുടെ ഐഡിയക്ക് മികച്ച പിന്തുണ ലഭിച്ചതായും വിവിധ മാലിന്യ നിർമാർജന കമ്പനികൾ ‘ട്രാഷ് ഇ’യുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം അറിയിച്ചതായും സൈദും കൂട്ടുകാരും പറയുന്നു.
പൊഡാർ പേൾ സ്കൂളിൽ നിന്നും പന്ത്രണ്ടാം തരം പൂർത്തിയാക്കിയ സൈദ് യു.ഡി.എസ്.ടിയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. ഖത്തർ എനർജി മുൻ ജീവനക്കാരനായ സുബൈർ മലോലിന്റെയും ഖമറുന്നീസ അബ്ദുല്ലയുടെയും മകനാണ്.