English हिंदी

Blog

cpm kerala

യുഎസില്‍ ഒരു നേതാവിന്‌ രണ്ട്‌ തവണയില്‍ കൂടുതല്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാനാകില്ല. പ്രസിഡന്റിന്‌ മികച്ച ജനസമ്മതിയുണ്ടെങ്കില്‍ പോലും രണ്ട്‌ ടേം അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്‍മാറിയേ പറ്റൂവെന്നാണ്‌ യുഎസ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അധികാരത്തില്‍ ചില വ്യക്തികള്‍ ദീര്‍ഘകാലം തുടരുന്നത്‌ മൂലമുണ്ടാകാവുന്ന ഏകാധിപത്യ വാസനകളും അഴിമതിക്കുള്ള സാധ്യതകളും തടയുക എന്ന ലക്ഷ്യം ഈ അനുശാസനത്തിന്‌ പിന്നിലുണ്ട്‌. അതേ സമയം നമ്മുടെ രാജ്യത്തെ ഭരണഘടന ഭരണാധികാരികള്‍ക്ക്‌ അത്തരത്തില്‍ നിശ്ചിത ടേം എന്ന പരിധി കല്‍പ്പിച്ചിട്ടില്ല.

പ്രധാനമന്ത്രിക്ക്‌ എത്ര കാലം വേണമെങ്കിലും തുടരാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ മോദിക്ക്‌ അടുത്ത തവണയും തുടരാന്‍ നിയമപരമായി യാതൊരു തടസവുമില്ല. പല സംസ്ഥാനങ്ങളിലും ദീര്‍ഘകാലമായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാക്കളുണ്ട്‌. അധികാരത്തിലെ ഈ അന്തമില്ലാത്ത തുടര്‍ച്ച കൊടിയ അഴിമതിക്ക്‌ വഴിയൊരുക്കുന്നതും നാം കണ്ടു. തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പേരിലുണ്ടായിരുന്ന അഴിമതി കേസുകള്‍ ഉദാഹരണം.

Also read:  പൊലിഞ്ഞുപോകുന്നത്‌ മാനവികതയുടെ എണ്ണയില്‍ ജ്വലിച്ച ദീപം

തുടര്‍ അധികാരം നേതാക്കള്‍ക്ക്‌ ധാര്‍ഷ്‌ട്യ വും സ്വജനപക്ഷപാതത്തിനുള്ള പ്രേരണയും ജനങ്ങളില്‍ നിന്ന്‌ അകലുന്ന മനോഭാവവും സമ്മാനിച്ചേക്കാമെന്ന തിരിച്ചറിവാണ്‌ രണ്ട്‌ വട്ടം ജനപ്രതിനിധിയായവര്‍ക്ക്‌ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക്‌ സിപിഎം സംസ്ഥാന നേതൃത്വത്തെ എത്തിച്ചത്‌. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഇളവുകള്‍ നല്‍കുന്നതായിരുന്നു പതിവ്‌. എന്നാല്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈ ചട്ടം നിര്‍ബന്ധമായും നടപ്പിലാക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെ പല മന്ത്രിമാര്‍ക്കും സിറ്റിംഗ്‌ എംഎല്‍എമാര്‍ക്കും മത്സരരംഗത്തു നിന്ന്‌ പിന്‍മാറേണ്ടി വന്നു.

Also read:  മാറുന്ന ലോകക്രമവും ബ്രിട്ടന്റെ വിടുതലും

ബംഗാളില്‍ സിപിഎമ്മിനുണ്ടായ അപചയത്തെ മുന്‍നിര്‍ത്തിയാണ്‌ കേരളത്തിലെ നേതൃത്വം ഈ മാനദണ്‌ഡം കര്‍ക്കശമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌. തുടര്‍ഭരണം ബാംഗാളിലെ സിപിഎമ്മില്‍ കടുത്ത ഏകാധിപത്യ പ്രവണതകള്‍ക്കും കൊടിയ സ്വജനപക്ഷപാതത്തിനുമാണ്‌ വഴിവെച്ചത്‌. നന്ദിഗ്രാം സംഭവം കൂടിയായതോടെ അധികാരം നല്‍കിയ ഗര്‍വ്‌ സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന്‌ ഏറെ അകലെയെത്തിച്ചുവെന്ന്‌ വ്യക്തമായി. പാര്‍ട്ടിക്കും സര്‍ക്കാരിനും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം തിരിച്ചറിയാതെ പോയ നേതൃത്വത്തിന്റെ പിഴവുകള്‍ക്ക്‌ വലിയ വില നല്‍കേണ്ടി വന്നു. ഇന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണതലത്തിലെ ഏകാധിപത്യത്തിനും ബിജെപിയുടെ അതിവേഗത്തിലുള്ള രാഷ്‌ട്രീയ വളര്‍ച്ചക്കും തടയിടാന്‍ ഒരു കാലത്ത്‌ പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടേണ്ട ഗതികേടിലേക്ക്‌ ബംഗാളിലെ സിപിഎം എത്തിപ്പെട്ടു.

മിക്കവാറും വിജയകരമായി അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ബംഗാളിലെ ദുരനുഭവത്തെ മുന്‍നിര്‍ത്തി ഇത്തരമൊരു മാനദണ്‌ഡം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൊണ്ടുവന്നത്‌ സ്വാഗതാര്‍ഹമാണ്‌. രണ്ട്‌ വട്ടം ജയിച്ചവര്‍ക്ക്‌ സീറ്റ്‌ നല്‍കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത തവണ തനിക്ക്‌ മാറി നില്‍ക്കേണ്ടി വരുമെന്നാണ്‌ പിണറായി വിജയന്‍ പറഞ്ഞത്‌. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ്‌ ജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു പിണറായിക്ക്‌ ലഭിക്കുന്നത്‌ അവസാനത്തെ ടേം ആയിരിക്കും. സിപിഎമ്മിനെ ഏറ്റവും ദീര്‍ഘകാലം നയിച്ച സെക്രട്ടറി ആയിരുന്ന നേതാവ്‌ അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ ഇത്തരത്തില്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതിനു പിന്നിലെ പ്രേരണ ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ മുന്നോട്ടുപോയാല്‍ മാത്രമേ ശക്തമായ നിലനില്‍പ്പ്‌ ഉണ്ടാകൂവെന്ന തിരിച്ചറിവ്‌ തന്നെയാകണം.