ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതി ഇല്ലാത്ത പ്രവാസികൾ ഉണ്ടാകില്ല. പലപ്പോഴും പ്രവാസികൾ അവരുടെ അവകാശങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടും അല്ലെങ്കിൽ എന്ത് ചെയ്യണമെന്ന അറിവില്ലായ്മ കൊണ്ടും അവർ കൂടുതൽ ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന് പറയാതെ വയ്യ. എല്ലാ ബാങ്കുകളും ഇങ്ങനെ ചെയ്യുന്നു എന്ന് പറയുന്നില്ല. പലപ്പോഴും തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോഴും അല്ലെങ്കിൽ പരാതിപ്പെടുമ്പോഴും മാത്രമേ പരിഹാരം ഉണ്ടാകുന്നുള്ളൂ എന്നതാണ് വാസ്തവം.
പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയധികം കേൾക്കുന്ന പരാതികൾ അവരുടെ അക്കൗണ്ടിൽനിന്ന് ഭീമമായ തുക മിനിമം ബാലൻസ് ഇല്ലെന്ന കാരണത്താൽ കുറവ് ചെയ്യുന്നു എന്നതാണ്. സർവിസ് ചാർജുകൾ അതും പല തവണ ഈടാക്കുക, അയക്കുന്ന തുക അക്കൗണ്ടിൽ വരവ് വൈക്കുന്നതിലുള്ള താമസം, എ.ടി.എമ്മിൽനിന്ന് പൈസ എടുക്കുബോൾ തുക കിട്ടാതെ വരുകയും എന്നാൽ അക്കൗണ്ടിൽ കുറവ് വരുകയും ചെയ്യുന്ന അവസ്ഥ, അത് തിരികെ കിട്ടാനുള്ള താമസം, ലോൺ അക്കൗണ്ടിലെ പലിശ എന്ന് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്.
എന്താണ് പരിഹാരം
പരാതിപ്പെടുക എന്നത് തന്നെയാണ് പരിഹാരം. നമുക്ക് ലഭിക്കേണ്ട സേവനങ്ങളിൽ കുറവ് വരുമ്പോഴോ അല്ലെങ്കിൽ ന്യായമല്ലാത്ത തുക നമ്മുടെ അക്കൗണ്ടിൽ കുറവ് വരുത്തുകയോ ചെയ്യുമ്പോൾ ഉടൻ തന്നെ അക്കൗണ്ട് ഉള്ള ശാഖയിൽ പരാതി കൊടുക്കുക. ഇമെയിൽ ആയി കൊടുത്താൽ മതി. നിങ്ങളുടെ പാസ് ബുക്കിലോ അല്ലെങ്കിൽ ബാങ്ക് തരുന്ന സ്റ്റേറ്റ്മെന്റിലോ ബ്രാഞ്ചിന്റെ മെയിൽ ഐഡി ഉണ്ടാകും.
മലയാളത്തിലോ ഇംഗ്ലീഷിലോ അയക്കാം. അവർ മറുപടി തരാതിരിക്കുകയോ അല്ലെങ്കിൽ മറുപടിയിൽ തൃപ്തിയോ ഇല്ലെങ്കിൽ തൊട്ടടുത്ത മേലധികാരിയുടെ ശ്രദ്ധയിൽ പെടുത്തുക. ഇതിലും തീർപ്പായില്ലെങ്കിൽ ബാങ്കിന്റെ തന്നെ ഓംബുഡ്സ്മാനിൽ പരാതിപ്പെടുക. ഇതിനൊന്നും തന്നെ അധികം സമയം ആവശ്യമില്ല. ഓൺലൈൻ ആയി ചെയ്യാം.
ബാങ്കിന്റെ തന്നെ ഇന്റേണൽ ഓംബുഡ്സ്മാൻ സംവിധാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആർ.ബി.ഐയുടെ ഡെപ്യൂട്ടി ഗവർണർ ജെ. സ്വാമിനാഥൻ ഈ വർഷം ജനുവരിയിൽ മുംബൈയിൽ നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമാണ്. മാത്രവുമല്ല ഈ അടുത്ത ദിവസം ബാങ്ക് ജീവനക്കാരുടെ ഉത്തരവാദിത്തം ഇടപാടുകാരോടാണ് അല്ലാതെ ടാർഗറ്റ് എത്തിക്കുന്നതിലല്ല എന്നദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി. ആർ.ബി.ഐയുടെ ഇടപാടുകാരോടുള്ള ശുഷ്കാന്തി വെളിപ്പെടുത്തുന്നതാണ് ഈ രണ്ടു ഉദാഹരണങ്ങളും.
ബാങ്കിങ് ഓംബുഡ്സ്മാൻ
മേൽപറഞ്ഞ സ്ഥലങ്ങളിൽനിന്ന് പരിഹാരമുണ്ടായില്ലെങ്കിൽ ബാങ്കുകളുടെ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇടപാടുകാരുടെ പരാതി പരിഹാരത്തിനായി ഉണ്ടാക്കിയിരിക്കുന്ന സംവിധാനമാണ് ‘ബാങ്കിങ് ഓംബുഡ്സ്മാൻ സ്കീം’. ഇതൊരു അർധ ജുഡീഷ്യൽ ഫോറം ആണ്. മേൽപ്പറഞ്ഞ തീരുമാനമാകാത്ത പരാതികൾ ഓൺലൈൻ ആയി ബാങ്കിങ് ഓംബുഡ്സ്മാനിൽ കൊടുക്കാം. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം പരാതി. ഓൺലൈൻ അല്ലാതെ എഴുതി തയാറാക്കി വേണമെങ്കിലും കൊടുക്കാം. യാതൊരു ചെലവും ഇല്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
പരാതി പ്രസ്തുത ബാങ്ക് നമുക്ക് തൃപ്തിയായ രീതിയിൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ മാത്രമേ ബാങ്കിങ് ഓംബുഡ്സ്മാനിൽ പരാതിപ്പെടാൻ പറ്റുകയുള്ളൂ. എന്നുവെച്ചാൽ ഒരു പരാതി ആദ്യമായി ഓംബുഡ്സ്മാനിൽ കൊടുക്കാൻ കഴിയില്ല എന്നർഥം. ബാങ്കിന് പരാതി കൊടുത്ത് തീർപ്പായില്ലെങ്കിലോ/പരാതി നിരാകരിക്കുകയോ അല്ലെങ്കിൽ ഒരുമാസത്തിനകം മറുപടി ലഭിക്കാതെ വരുകയോ ചെയ്താൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.
സേവനങ്ങളിലെ അപര്യാപ്തത, ആർ.ബിഐ നിഷ്കർഷിച്ചിരിക്കുന്നതിലും അധികം സേവന നിരക്ക് ഈടാക്കുക, തെറ്റായ നിരക്കുകൾ, അയച്ച തുക അക്കൗണ്ടിൽ വരുന്നതിനുള്ള കാലതാമസം, മതിയായ കാരണമില്ലാതെ അക്കൗണ്ട് തുടങ്ങുന്നത് തടയുക, മുന്നറിയിപ്പില്ലാതെ അക്കൗണ്ടിൽ ബാങ്ക് അകാരണമായി ചാർജുകൾ ഈടാക്കുക, മിനിമം ബാലൻസ് ചാർജുകളിലെ പ്രശ്നങ്ങൾ, തെറ്റായ വിവരങ്ങൾ നൽകിയുള്ള ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് വിൽപന, നേരത്തെ പറഞ്ഞ എ.ടി.എം ആയി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിയവയെല്ലാം ഈ സ്കീമിന്റെ പരിധിയിൽ വരും.
അതുപോലെതന്നെ വായ്പയുടെ കാര്യത്തിലും വായ്പ നിഷേധിക്കുമ്പോഴും ബാങ്കുകൾ പാലിക്കേണ്ട സമയക്രമങ്ങൾ ഉൾപ്പടെയുള്ള ആർ.ബി.ഐ നിർദേശങ്ങളുടെ ലംഘനം ഉണ്ടാകുന്ന സാഹചര്യത്തിലും മേൽപറഞ്ഞ നടപടിക്രമങ്ങൾ പാലിച്ച് ഉപഭോക്താവിന് ബാങ്കിങ് ഓംബുഡ്സ്മാനിൽ പരാതിപ്പെടാം. ഈ സ്കീമിന്റെ പരിധിക്കുള്ളിൽ വരുന്ന ‘സേവനങ്ങളിൽ വരുത്തുന്ന വീഴ്ചകൾ’ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇടപാടുകാരനോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റൊരാൾക്കോ പരാതി നൽകാവുന്നതാണ്.
ബാങ്ക് കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടാൽ 20 ലക്ഷം രൂപ വരെ ഇടപാടുകാർക്ക് നഷ്ടപരിഹാരം നൽകാൻ ഓംബുഡ്സ്മാന് അധികാരമുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരനുണ്ടായ മാനസിക വിഷമത്തിനും മറ്റും ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം കിട്ടാം. ബാങ്കുകളുടെ അവരുടെ ഇടപാടുകാരോടുള്ള സമീപനത്തിൽ മാറ്റം വരണമെങ്കിൽ മേൽപറഞ്ഞ കാര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുറെ ആളുകളെങ്കിലും ബാങ്കിങ് ഓംബുഡ്സ്മാൻ പോലുള്ള വേദികളിൽ പരാതിപ്പെടണം എന്നാണ് പറയാനുള്ളത്. 2021 ആർ.ബി.ഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം അനുസരിച്ച് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ധനകാര്യ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ നടപ്പാക്കിയ ഇത്തരം സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.