ജമ്മു കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
അബുദാബി /ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡെല്‍ഹിയില്‍ കല്യാണ്‍മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ തമിഴ്‌നാട് മുതല്‍ കാശ്മീര്‍ വരെയുള്ള ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കി.
ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
ഫുഡ് പ്രൊസസിംഗ് മേഖലയില്‍ ലുലു ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതിരകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ ഉണര്‍വ് ഉണ്ടാക്കിയതായും ഭക്ഷോല്‍പ്പന്ന കയറ്റുമതിക്ക് ഇത് വളരെയധികം ഗുണം ചെയ്‌തെന്നാണ് തന്റെ വിലയിരുത്തലെന്ന് യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു.