English മലയാളം

Blog

kodiyeri-balakrishnan-845

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പിതാവ്‌ പഴയ ആര്‍എസ്‌എസുകാരനാണെന്നും പാരമ്പര്യമായി സംഘ്‌പരിവാറിനോട്‌ ചായ്‌വുള്ള കുടുംബമാണ്‌ അദ്ദേഹത്തിന്റേതെന്നുമുള്ള ചരിത്രസത്യം ഉത്‌ഖനനം ചെയ്‌തു കണ്ടുപിടിച്ചത്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌. അച്ഛനെ തിരുത്താന്‍ മക്കള്‍ക്ക്‌ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ മക്കളെ തിരുത്താന്‍ മാതാപിതാക്കള്‍ക്കാണല്ലോ സാധിക്കുക. പ്രത്യേകിച്ചും സ്വന്തം പിതാവിന്റെ ചിത്രം പാര്‍ട്ടി ചിഹ്നത്തിനൊപ്പം മുതുകില്‍ പച്ചകുത്തിയ ഒരു മകന്റെ മേല്‍ പാര്‍ട്ടിക്കും പിതാവിനും വലിയ സ്വാധീനമുണ്ടെന്നാണല്ലോ കരുതേണ്ടത്‌. അങ്ങനെയൊരു പുത്രന്‍ മുടിയനായി പോയാല്‍ കൈമലര്‍ത്തി കാണിക്കുന്നത്‌ ആ പുത്രനോടും പുത്രന്റെ മുതുകിലെ പച്ച കുത്തപ്പെട്ട ചിത്രത്തോടും പിതാവ്‌ കാണിക്കുന്ന നീതികേടാണ്‌.

മകന്‍ പ്രായപൂര്‍ത്തിയായപ്പോള്‍ തുടങ്ങിയതാണ്‌ കേസുകളുമായുള്ള കെട്ടുമാറാപ്പ്‌. പാര്‍ട്ടി സമരങ്ങളുടെ പേരിലുള്ള അതിക്രമങ്ങളില്‍ നിന്ന്‌ തുടങ്ങി കള്ളപ്പണം വെളുപ്പിക്കലില്‍ എത്തിനില്‍ക്കുന്ന കേസുകളുടെ നീണ്ട ചരിത്രത്തിനിടെ മകനെ തിരുത്താന്‍ അച്ഛന്‌ വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നിട്ടും ആ അച്ഛന്‍ പറഞ്ഞത്‌ കുറ്റം ചെയ്‌തതിന്റെ പേരില്‍ മകനെ തൂക്കികൊല്ലുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടെ എന്നാണ്‌. ഇതേ വാചകം തന്നെ എല്‍ഡിഎഫ്‌ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയും പറയുന്നതു കേട്ടു. കള്ളപ്പണം വെളുപ്പിച്ചാലോ സ്വര്‍ണം കടത്തിയാലോ വധശിക്ഷ നല്‍കുന്ന നിയമം ലോകത്ത്‌ ഒരിടത്തുമില്ലെന്നിരിക്കെ തന്നെ തൂക്കികൊല്ലൂ എന്ന ഒരു മന്ത്രിയുടെയും മകനെ തൂക്കികൊല്ലൂ എന്ന ഒരു അച്ഛന്റെയും വിലാപം കണ്ണിനും കാതിനും ഇമ്പം പകര്‍ന്ന ഒരു `ഷോ’ തന്നെയായിരുന്നു.

Also read:  കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യക്ക്‌ തലതിരിഞ്ഞ സമീപനം

എന്തു കാര്യത്തെയും തത്വാധിഷ്‌ഠിതമായി സമീപിക്കുന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ രീതി. `മകനെ തിരുത്താന്‍ കഴിയാത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ എങ്ങനെ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും തിരുത്താന്‍ കഴിയും’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ `അത്‌ തര്‍ക്കശാസ്‌ത്രപരമായ ചോദ്യമാണ്‌, യുക്തിഭദ്രമായ ചോദ്യമല്ല’ എന്നായിരുന്നു എല്‍ഡിഎഫ്‌ കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവന്റെ മറുപടി. എന്തൊരു തത്വാധിഷ്‌ഠിതമായ ഉത്തരം എന്ന്‌ കേള്‍ക്കുന്ന ഏത്‌ പാര്‍ട്ടി അണിക്കും തോന്നല്‍ ഉളവാക്കുന്ന പഞ്ച്‌ ഡയലോഗ്‌. മറ്റുള്ളവരുടെ യുക്തിയല്ല പാര്‍ട്ടിയുടെ യുക്തിയെന്ന്‌ കൂടി ബോധ്യമുള്ളവര്‍ക്ക്‌ ഈ മറുപടിയുടെ സൗന്ദര്യശാസ്‌ത്രപരമായ വശം കൂടി തിരിച്ചറിയാനാകും. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്തിനാണ്‌ സമരം ചെയ്യുന്നതെന്ന്‌ തനിക്ക്‌ മനസിലായിട്ടില്ലെന്ന്‌ മന്ത്രി എ.കെ.ബാലന്‍ പറയുന്നതും യുക്തിയുടെ ഈ വ്യത്യാസം കാരണമാണ്‌. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ യുക്തിബോധം കൊണ്ട്‌ ഇത്തരം സമരങ്ങളെ ഒരു തരത്തിലും മനസിലാക്കാനാകില്ല. അതേ സമയം പ്രതിപക്ഷത്താണെങ്കില്‍ ഇത്തരം സമരങ്ങളെയൊക്കെ തെരുവിലെ കലാപങ്ങളിലേക്ക്‌ എത്തിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ യുക്തിബോധം മറ്റൊരു തരത്തില്‍ തീവ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാഹചര്യത്തിന്‌ അനുസരിച്ച്‌ യുക്തി പ്രയോഗിക്കാനും നിലപാട്‌ എടുക്കാനുമാണ്‌ വൈരുധ്യാത്മ ഭൗതികവാദം പാര്‍ട്ടി നേതാക്കളെ പഠിപ്പിച്ചിട്ടുള്ളത്‌. അന്ന്‌ അഴിമതിക്കാരനും ഇന്ന്‌ വിശുദ്ധമാലാഖയുമായ മാണിയുടെ പാര്‍ട്ടിയോടുള്ള അന്നത്തെയും ഇന്നത്തെയും സമീപനവും വൈരുധ്യാത്മ ഭൗതികവാദം ശരിയായി ഉള്‍കൊണ്ടവര്‍ക്കു മാത്രമേ മനസിലാക്കാനാകൂ.

Also read:  ധോണി യുഗത്തിന്‌ വിരാമം

ബിനീഷ്‌ കോടിയേരി പാര്‍ട്ടി നേതാവല്ല എന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തെ കൈയൊഴിയുന്നതിന്റെ യുക്തിയെ കുറിച്ച്‌ പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അപ്പോഴും സംശയം തോന്നാം. ബിനീഷ്‌ കോടിയേരി പാര്‍ട്ടി നേതാവല്ലെങ്കിലും അനുഭാവിയെങ്കിലും ആയിരിക്കണമല്ലോ. പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിലുമൊക്കെ അദ്ദേഹം പങ്കെടുക്കാറുണ്ട്‌. വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരിക്കെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം അകപ്പെട്ടത്‌ പാര്‍ട്ടിക്കു വേണ്ടിയാണല്ലോ. പാര്‍ട്ടി ചിഹ്നം മുതുകില്‍ പച്ച കുത്തിയ ഒരാള്‍ എന്തു മാത്രം കടുത്ത പാര്‍ട്ടിആരാധകനായിരിക്കും? അങ്ങനെയൊരാളെ തള്ളിപ്പറയുന്നത്‌ പാര്‍ട്ടിയുടെ രീതിയല്ലാത്തതു കൊണ്ട്‌ ഈ നിലപാടിലെ യുക്തി പാര്‍ട്ടി അണികള്‍ക്ക്‌ പോലും പെട്ടെന്നങ്ങ്‌ ബോധ്യമാകണമെന്നില്ല. പ്രത്യേകിച്ച്‌ പെരിയ, വാളയാര്‍ കേസുകളില്‍ സ്വന്തം സഖാക്കളെ രക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും ഏതറ്റം വരെ പോയെന്ന ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍.

Also read:  ഓഹരി വിപണിയില്‍ വിപുലമാകുന്ന കേരളത്തിന്റെ സാന്നിധ്യം

പെരിയ കൊലപാതകേസ്‌ സിബിഐ അന്വേഷിച്ച്‌ കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലഴിക്കുള്ളിലാക്കുന്നത്‌ തടയാനായി ഒരു കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ ചെലവഴിച്ചാണ്‌ പുറത്തുനിന്നു അഭിഭാഷകരെ കൊണ്ടുവന്ന്‌ കോടതിയില്‍ വാദിപ്പിച്ചത്‌. `ഒരു കേസ്‌ ഇതിനേക്കാള്‍ ദുര്‍ബലമാക്കുന്നത്‌ എങ്ങനെ’യെന്ന്‌ കോടതി ചോദിക്കുന്നതിന്‌ വഴിവെച്ചുകൊണ്ട്‌ വാളയാര്‍ കേസില്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്‌ പൊലീസിനെ തോല്‍പ്പിക്കും വിധം ഇടപെടല്‍ നടത്തിയത്‌ പ്രതികളായ പാര്‍ട്ടി സഖാക്കളെ രക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഏത്‌ കൊടിയ കുറ്റകൃത്യം ചെയ്‌താലും പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പാര്‍ട്ടി തങ്ങളുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടിയായ വീരസഖാവിനെ കൈയൊഴിയുന്നത്‌ പിന്നിലെ യുക്തി എന്താണ്‌? കൊലപാതകത്തേക്കാളും ബാലപീഡനത്തേക്കാളും ഹീനമാണോ കള്ളം പണം വെളുപ്പിക്കല്‍? മുതുകില്‍ പാര്‍ട്ടി ചിഹ്നം പച്ചകൊത്തിയ വീരസഖാവിന്റെ ആരാധകരെങ്കിലും ഈ യുക്തി എത്രത്തോളം ഭദ്രമാണെന്ന ചോദ്യം ഉന്നയിക്കാനിടയുണ്ട്‌. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികവുമാണല്ലോ