അബുദാബി : ചികിത്സാചെലവുകൾ വഹിക്കാൻ സാധിക്കാത്ത വിട്ടുമാറാത്ത രോഗങ്ങളുള്ള നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, അബുദാബിയിൽ 100 കോടി ദിർഹം മൂല്യമുള്ള ഹെൽത്ത് കെയർ എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. “ലൈഫ് എൻഡോവ്മെന്റ് ക്യാംപെയിൻ” എന്ന പദ്ധതിയിലൂടെ രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ലക്ഷ്യം.
എൻഡോവ്മെന്റ്സ് ആൻഡ് മൈനേഴ്സ് ഫണ്ട് അതോറിറ്റിയും (ഔഖാഫ് അബുദാബി) അബുദാബി ആരോഗ്യ വകുപ്പും സഹകരിച്ചാണ് പദ്ധതി (വിത്ത് യു ഫോർ ലൈഫ്) നടപ്പാക്കുന്നത്.
എമിറേറ്റ്സ് റെഡ് ക്രസന്റ്, മആൻ (അത് അറോറി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ) എന്നിവയിലൂടെ ചികിത്സാ സഹായത്തിന് വേണ്ടിയുള്ള സംഭാവനകളും, മരുന്ന് വിതരണവും, മാനസിക പിന്തുണയും, ആരോഗ്യസേവനങ്ങളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഈ എൻഡോവ്മെന്റ് വഴി പ്രോത്സാഹിപ്പിക്കും.
യുഎഇയുടെ മാനുഷികതയുടെ മാതൃകയാണെന്ന് ഔഖാഫ് അബുദാബി ഡയറക്ടർ ജനറൽ ഫഹദ് അബ്ദുൽഖാദർ അൽ ഖാസിമി പറഞ്ഞു. “ചികിത്സ ചെലവുഭാരമാകുന്നത് കാരണം ചികിത്സ നിർത്തേണ്ടിവന്നവർക്കും, ഉയർന്ന നിലവാരത്തിലുള്ള സൗജന്യാരോഗ്യസംരക്ഷണത്തൊപ്പം വീണ്ടും പ്രതീക്ഷ നൽകുകയാണ് ഈ ക്യാംപെയ്ൻ,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്യൂണിറ്റി പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
വ്യക്തികളുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വഴി തെളിയിക്കുന്നതായും, ആരോഗ്യ സംരക്ഷണത്തിലൂടെ ജനശ്രേയസ്സേല്പിക്കുന്നതായും അബുദാബി ഹെൽത്ത് ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി ഡോ. നൂറ അൽ ഗെയ്തി അഭിപ്രായപ്പെട്ടു.