മനാമ: നാലാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂറിന് തുടക്കമായി. രണ്ടാം ഘട്ടത്തിൽ സാഖീറിലെ 65 കിലോമീറ്റർ റൂട്ടിലായിരുന്നു മത്സരം. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരം.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള താമസക്കാരും റൈഡർമാരും ഉൾപ്പെടെ നിരവധി സൈക്കിൾ യാത്രികരുടെ വിപുലമായ പങ്കാളിത്തം പരിപാടിയെ ആകർഷകമാക്കി. ശക്തമായ കാറ്റിനെ നേരിട്ടാണ് മത്സരാർഥികൾ മത്സരത്തിൽ പങ്കെടുത്തത്. ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ബിൻ അഹമ്മദ് ആൽ ഖലീഫ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
നാസർബിൻ ഹമദ് സൈക്ലിങ് ടൂർ ഡയറക്ടർ അഹമ്മദ് അൽ ഹാജ്, അൽ സലാം ബാങ്ക് പ്രതിനിധി അബ്ദുൽഹമീദ് മുല്ല ബഖീത്, ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ അംഗം അഹമ്മദ് അൽ ബുവൈനൈൻ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്റൈൻ വിഭാഗത്തിൽ ബഹ്റൈൻ ജയന്റ് ടീമിലെ ഹുസൈൻ അഖീൽ താമർ ഒന്നാം സ്ഥാനം നേടി.
വിക്ടോറിയസ് ടീമിൽനിന്ന് മുഹമ്മദ് ഇസ അൽ ഗെയ്സും മുഹമ്മദ് ഹസൻ ജവാദും തൊട്ടടുത്ത സ്ഥാനങ്ങൾ നേടി. ബഹ്റൈനികളും ജി.സി.സി പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന ഓപ്പൺ വിഭാഗത്തിൽ ദുബൈ പൊലീസ് ടീമിലെ സയീദ് ഹസ്സൻ ഒന്നാം സ്ഥാനം നേടി. വിക്ടോറിയസിൽനിന്നുള്ള അഹമ്മദ് മദൻ രണ്ടാം സ്ഥാനവും എ.ബി.എച്ചിലെ ഹിലാൽ ജാബർ മൂന്നാം സ്ഥാനവും നേടി.
