ദുബൈ: യുഎഇയില്‍ കാലാവസ്ഥ രൂക്ഷമായി മാറുന്നു. രാജ്യത്ത് ചൂടും പൊടിക്കാറ്റും കൂടിയതോടെ ജനജീവിതം പ്രതികൂലമായി ബാധിക്കപ്പെടുകയാണ്. ഞായറാഴ്ച 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. പല ഭാഗങ്ങളിലും കാറ്റിനൊപ്പം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിനുസരിച്ച്, മണിക്കൂറില്‍ 15 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശിയ ഭാഗങ്ങളില്‍ ദൃശ്യതക്ക് തടസമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളില്‍ പൊടി നിറഞ്ഞ അന്തരീക്ഷം ഗതാഗതത്തിലും പ്രതിസന്ധികൾ സൃഷ്ടിച്ചു.
റോഡുകളില്‍ ദൃശ്യത കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അശ്രദ്ധയോടുകൂടിയ ഡ്രൈവിംഗ് ഒഴിവാക്കണമെന്നും അധിക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. പൊടി അലര്‍ജിയുളളവര്‍ മുന്‍കരുതലോടെ സഞ്ചരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
അടുത്ത ദിവസങ്ങളിലും രാജ്യത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. പരമാവധി 43 ഡിഗ്രിയും കുറഞ്ഞത് 17 ഡിഗ്രിയും ആയിരിക്കും പ്രതീക്ഷ. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവുമായ സമയം 90 ശതമാനം വരെ ഈര്‍പ്പനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.