കുവൈത്ത് സിറ്റി : ബോംബ് ഭീഷണിയെ തുടർന്ന് ഗൾഫ് എയർയുടെ ജി.എഫ് 213-ാം നമ്പർ വിമാനത്തിന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടതായി വന്നു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്കുള്ള ഈ വിമാനം സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചയായിരുന്നു എമർജൻസി ലാൻഡിങ് നടത്തിയത്.
ഭീഷണി ലഭിച്ചതിനെ തുടർന്നാണ് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ എല്ലാം സുരക്ഷിതമായി പുറത്ത് എത്തിച്ചതായും ഇവരെ പ്രത്യേക സുരക്ഷാ ലൗഞ്ചിലേയ്ക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ മറ്റുവിമാന സർവീസുകളിൽ യാതൊരു ആശങ്കയോ തടസ്സമോ സംഭവിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
ബോംബ് ഭീഷണി ഉയർത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.