English മലയാളം

Blog

ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം നൂറ്‌ വര്‍ഷം പിന്നിട്ടു. ഒക്‌ടോബര്‍ 17ന്‌ സിപിഎം ഓഫീസുകള്‍ക്ക്‌ മുന്നില്‍ ചെങ്കോടിയെ അഭിവാദ്യം ചെയ്‌ത്‌ ചരിത്ര മുഹൂര്‍ത്തം കൊണ്ടാടി. പക്ഷേ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നൂറ്‌ വര്‍ഷം പിന്നിട്ടുവെന്ന അവകാശവാദം സിപിഎമ്മിന്‌ മാത്രമാണ്‌. 1920ലാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപം കൊണ്ടതെന്നാണ്‌ സിപിഎം അവകാശപ്പെടുന്നതെങ്കിലും സിപിഐ പറയുന്നത്‌ 1925ലാണ്‌ പാര്‍ട്ടി രൂപീകരണം സംഭവിച്ചത്‌ എന്നാണ്‌. സിപിഐയുടെ അവകാശവാദം അനുസരിച്ച്‌ 2025 ഡിസംബര്‍ 26നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ നൂറ്‌ വയസ്‌ തികയുക. അങ്ങനെയാണെങ്കില്‍ സിപിഐ നൂറ്‌ വയസ്‌ ആഘോഷിക്കുന്നത്‌ ഇനിയും അഞ്ച്‌ വര്‍ഷം കഴിഞ്ഞു മാത്രമായിരിക്കും.

ഏതായാലും ഈ സന്ദര്‍ഭത്തില്‍ വീണ്ടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ലയന സാധ്യത ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ സെക്രട്ടറി ഡി.രാജയും ഈ അവസരത്തില്‍ തങ്ങളുടെ നിലപാട്‌ ആവര്‍ത്തിക്കുന്നു. ലയനം അജണ്ടയിലില്ലെന്ന്‌ സീതാറാം യെച്ചൂരിയും ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഡി.രാജയും പറയുന്നു. വര്‍ഷങ്ങളായി ഈ നിലപാടിലാണ്‌ ഇരുപാര്‍ട്ടികളും ഉറച്ചുനില്‍ക്കുന്നത്‌. സിപിഎമ്മിന്‌ യാതൊരു താല്‍പ്പര്യവുമില്ലെങ്കിലും ലയനം വേണമെന്ന്‌ ഇടക്കിടെ ആവശ്യപ്പെടുന്നത്‌ സിപിഐയുടെ പതിവാണ്‌.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഇന്നത്തെ ദുര്‍ബലാവസ്ഥക്ക്‌ കാരണം പിളര്‍പ്പ്‌ ആണെന്നാണ്‌ ഡി.രാജ പറയുന്നത്‌. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്‌? കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നുവെങ്കില്‍ അത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു വലിയ ശക്തിയായി നിലനില്‍ക്കുമായിരുന്നോ? ചരിത്രത്തിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എങ്കിലുകള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല എന്നതു കൊണ്ടു തന്നെ പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന അനുമാനങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നത്‌ അര്‍ത്ഥശൂന്യമാണ്‌. പക്ഷേ പിളര്‍പ്പിനു ശേഷവും ചില കേന്ദ്രങ്ങളിലെങ്കിലും ശക്തിയുണ്ടായിരുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഇപ്പോഴത്തെ ദുര്‍ബലാവസ്ഥയിലെത്തിയത്‌ എന്തുകൊണ്ടാണെന്ന ആത്മപരിശോധന അവര്‍ നടത്തേണ്ടതുണ്ട്‌.

Also read:  നീതിപീഠത്തിന്റെ നിലപാടുകള്‍ വിചിത്രം

56 വര്‍ഷം മുമ്പത്തെ സ്ഥിതിയെ കുറിച്ച്‌ ഇപ്പോള്‍ പറയുന്നതിന്‌ പകരം 16 വര്‍ഷം മുമ്പ്‌ തങ്ങള്‍ എവിടെ നില്‍ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നും പരിശോധിക്കുന്നതിലുള്ള സാമാന്യബോധമാണ്‌ ആ പാര്‍ട്ടികള്‍ പ്രകടിപ്പിക്കേണ്ടത്‌. 2004ല്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ലോക്‌സഭയില്‍ സിപിഎമ്മിന്‌ 59ഉം സിപിഐക്ക്‌ 10ഉം ആയിരുന്നു അംഗസംഖ്യ. അത്‌ ഇന്ന്‌ യഥാക്രമം മൂന്നും രണ്ടുമാണ്‌. 69 എന്ന സംഖ്യയില്‍ നിന്ന്‌ എങ്ങനെ ഈ പാര്‍ട്ടികള്‍ അഞ്ച്‌ എന്ന സംഖ്യയിലേക്ക്‌ ഒതുങ്ങി? പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം പോലുമില്ലാതെ രണ്ട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ദേശീയ രാഷ്‌ട്രീയത്തില്‍ എങ്ങനെയാണ്‌ അപ്രസക്തരായി മാറിയത്‌?

ഇരുകമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ഇന്ന്‌ ഒരു രാഷ്‌ട്രീയ ശക്തി എന്ന നിലയില്‍ ശേഷിക്കുന്നത്‌ കേരളത്തില്‍ മാത്രമാണ്‌. ബംഗാളും ത്രിപുരയും ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യമാം വിധം അവര്‍ കൈവിട്ടത്‌ വര്‍ഷങ്ങളോളം നടന്ന കമ്യൂണിസ്റ്റ്‌ ഭരണത്തിലെ പാകപ്പിഴകള്‍ മൂലമായിരുന്നു. നന്ദിഗ്രാമില്‍ പാര്‍ട്ടിഗുണ്ടകളാല്‍ വേട്ടയാടപ്പെട്ട കര്‍ഷകര്‍ എക്കാലവും സിപിഎമ്മിന്റെ തൊഴിലാളി വര്‍ഗ രാഷ്‌ട്രീയത്തിന്‌ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കും. കമ്യൂണിസ്റ്റ്‌ ഭരണം മൂലം വികസനം വിദൂരത്ത്‌ നിന്നതിന്റെ ചരിത്രമാണ്‌ ത്രിപുരക്ക്‌ പറയാനുള്ളത്‌. അതിന്റെ ഫലമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭരണത്തില്‍ നിന്ന്‌ വിദൂരത്തിലെത്തി.

Also read:  റിസര്‍വ്‌ ബാങ്ക്‌ ദൗത്യം ഉള്‍ക്കൊണ്ടു

അടിസ്ഥാനപരമായ ഏതെങ്കിലും പ്രശ്‌നങ്ങളോടുള്ള നിലപാടിന്റെ അടിസ്ഥാനത്തിലല്ല കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ കേരളത്തില്‍ ഇപ്പോഴും സ്വാധീനം നിലനിര്‍ത്താന്‍ സാധിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമൂഹ്യ വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോയ കേരളത്തില്‍ അഞ്ച്‌ വര്‍ഷം കൂടുമ്പോഴുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ഫലമായുള്ള അധികാര മാറ്റം എന്ന പതിവാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണിയെ ഭരണത്തിലെത്തിക്കുന്നത്‌. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി രാഷ്‌ട്രീയ മുന്നേറ്റം നടത്താനുള്ള ആശയപരമായ ഉള്‍ബലവും ഇച്ഛാശക്തിയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നതു കൊണ്ടാണ്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ അവക്ക്‌ സാന്നിധ്യമില്ലാതെ പോകുന്നത്‌.

ഒരു കാലത്ത്‌ ശക്തമായ സ്വാധീനമുണ്ടായിരുന്ന ബീഹാറില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഇന്ന്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ വിലയിരുത്തുമ്പോള്‍ തന്നെ അവയുടെ പ്രത്യയശാസ്‌ത്രപരമായ ആന്തരികശൂന്യത വ്യക്തമാകും. ഒക്‌ടോബറിലും നവംബറിലുമായി നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാജനസഖ്യത്തിനൊപ്പമാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍. ബീഹാറില്‍ സിപിഎമ്മിനോ സിപിഐക്കോ കാര്യമായ ജനസ്വാധീനം ഇല്ലാതിരുന്നിട്ടും അവരെ മഹാജനസഖ്യത്തിനൊപ്പം കൂട്ടിയത്‌ അവിടെ ദളിതര്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള സിപിഐ എംഎല്ലാണ്‌ ഇടതുപാര്‍ട്ടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ എന്നതുകൊണ്ടു മാത്രമാണ്‌. ഹസ്രത്‌ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദളിത്‌ വികാരം തങ്ങള്‍ക്ക്‌ അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വലിയൊരു വിഭാഗം മണ്‌ഡലങ്ങളില്‍ ജനസ്വാധീനമുള്ള സിപിഐഎംഎല്ലിനെ മഹാജനസഖ്യം മുന്നണിയുടെ ഭാഗമാക്കിയത്‌. സിപിഎമ്മിനോ സിപിഐക്കോ അവിടെ വേരുകളില്ല.

Also read:  ഒരു പാര്‍ട്ടി സെക്രട്ടറിയുടെ ഗതികേട്‌

യഥാര്‍ത്ഥത്തില്‍ ചൂഷിതവര്‍ഗത്തിന്റെ പോരാട്ടത്തിനായി ഉദയം കൊണ്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സാമൂഹ്യ പുരോഗതി കൈവരിച്ച കേരളത്തേക്കാള്‍ വേരോട്ടമുണ്ടാകേണ്ടത്‌ ബീഹാര്‍ പോലുള്ള അധ:സ്ഥിത വര്‍ഗം കൊടിയ ചൂഷണം നേരിടുന്ന പിന്നോക്ക സംസ്ഥാനങ്ങളിലാണ്‌. പക്ഷേ അതുണ്ടാകാത്തത്‌ ഈ `ദേശീയ പാര്‍ട്ടി’കളുടെ പ്രത്യയശാസ്‌ത്രപരമായ ആന്തരികശൂന്യത മൂലമാണ്‌. അവര്‍ക്ക്‌ പകരം നേരത്തെ തീവ്രവാദസ്വഭാവം പ്രകടിപ്പിച്ചിരുന്ന സിപിഐ എംഎല്‍ പോലുള്ള സംഘടനകള്‍ അധ:സ്ഥിത വര്‍ഗമായ ദളിതരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നു. തങ്ങള്‍ പ്രവര്‍ത്തിക്കേണ്ട ഇടങ്ങളെ പ്രയോജനപ്പെടുത്താനാകാത്ത, പ്രത്യയശാസ്‌ത്രവും പ്രയോഗവും തമ്മിലുള്ള വിടവ്‌ നാള്‍ക്കുനാള്‍ വലുതാക്കികൊണ്ടിരിക്കുന്ന ഈ `ദേശീയ പാര്‍ട്ടി’കള്‍ക്ക്‌ കേരളത്തിന്‌ പുറത്ത്‌ എവിടെയെങ്കിലും നഷ്‌ടപ്പെട്ടുപോയ മണ്ണ്‌ തിരിച്ചെടുക്കാന്‍ സാധിക്കുമോ?