യാംബു : സൗദിയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂടും, ചില മേഖലകളിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച മുതൽ അറേബ്യൻ ഗൾഫ് മേഖലയിലുടനീളം തീവ്രതയും ദൈർഘ്യവും കൂടിയ ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. കുവൈറ്റിലെ ചില ഭാഗങ്ങളിൽ താപനില 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായും, അൽ അഹ്സ, ദമ്മാം എന്നിവിടങ്ങളിൽ 50 ഡിഗ്രിയോട് അടുക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പൊടിക്കാറ്റ് കൂടുതൽ ഭാഗങ്ങളിൽ വ്യാപിക്കും
റിയാദ്, നജ്റാൻ, മദീന, മക്ക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിന്റെ ആഘാതം മൂലം ജിസാൻ തീരപ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ ദൃശ്യം വളരെ കുറയാൻ സാധ്യതയുണ്ടെന്നും, അതുവഴിയുള്ള യാത്ര ശക്തമായി ബാധിക്കപ്പെടുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
മലയോര പ്രദേശങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത
ജിസാൻ, അസീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയും ശക്തമായ കാറ്റും നേരിടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ഈ പ്രവചനം കൂടുതൽ ഉറപ്പിക്കുന്നു.