റമദാനിലെ അവസാന പത്തുദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് അവസരം
ജിദ്ദ : സ്‌കൂളുകള്‍ക്ക് റമദാന്‍ അവധി പത്തു ദിവസം ലഭിച്ചതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കിരീടാവകാശി സല്‍മാന്‍ രാജകുമാരന് നന്ദി പറഞ്ഞു.
ഈദ് അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിപറയാന്‍ പലരും സോഷ്യല്‍ മീഡിയയില്‍ കിംഗ്‌സല്‍മാന്‍ എന്ന പേരില്‍ ഹാഷ് ടാഗുമായി എത്തിയതോടെ ഇത് ട്രെന്‍ഡായി.
സ്‌കൂള്‍തലം മുതല്‍ യൂണിവേഴ്‌സിറ്റി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്തു ദിവസത്തിലേറെ ഈദ് ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും റമദാനിലെ അവസാന ദിവസങ്ങളില്‍ അവധി ലഭിക്കും.
ഇക്കുറി മെയ് രണ്ടിനോട് അനുബന്ധിച്ചാകും ഈദ് എത്തുക. ചാന്ദ്ര ദര്‍ശനം കാണുന്നമുറയ്ക്കാകും ഈദ് പ്രഖ്യാപിക്കുക.
ഈ വ്യാഴാഴ്ചയ്ക്കു ശേഷമാകും അവധി ആരംഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകര്‍ക്കും അവധി ആഘോഷിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. വിശുദ്ധ റമദാന്‍ കാലത്ത് പ്രാര്‍ത്ഥനയുമായി കുടുംബാംഗങ്ങള്‍ക്കൊത്ത് കഴിയാന്‍ ഈ അവസരം ഉപകരിക്കുമെന്ന് ടീച്ചര്‍മാരും പറഞ്ഞു.
പൊതുമേഖലയില്‍ ഏപ്രില്‍ 26 മുതലാണ് അവധി ആരംഭിക്കുക. മെയ് അഞ്ചിന് അവധി അവസാനിക്കും. എന്നാല്‍, സ്വകാര്യ മേഖലയില്‍ മെയ് ഒന്നു മുതല്‍ അഞ്ചു വരെയാകും അവധി.













