കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർ കള്ളക്കടത്തിന്റെ മുഖ്യകണ്ണികളെന്ന് കരുതുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നു. ദുബായ് പോലീസുമായി ഇതിന് ചർച്ചകൾ ആരംഭിച്ചതായി എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
എസ്.പി ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി പ്രകാരം തിങ്കളാഴ്ച ദുബായിൽ എത്തിയത്. തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, മൂവാറ്റുപുഴ സ്വദേശി റബിൻസ് എന്നിവരെ ചോദ്യം ചെയ്യാൻ അനുമതി ചോദിച്ചിട്ടുണ്ട്. ദുബായ് പോലീസ് അറസ്റ്റു ചെയ്ത ഫൈസലിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളും എൻ.ഐ.എ ആരംഭിച്ചു.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിട്ട് ഖാമിസ് അൽ ഷിമേനി എന്നിവർക്കെതിരെ അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതെക്കുറിച്ച് വിവരങ്ങൾ യു.എ.ഇ അധികൃതരിൽ നിന്ന് തേടാനും സംഘം ശ്രമിക്കുന്നുണ്ട്. അനുമതി ലഭിക്കുമോയെന്ന് വ്യക്തമല്ല.
എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായിരുന്ന സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത കോടതി മൂന്നു ദിവസം കൂടി കസ്റ്റഡി നീട്ടിക്കൊടുത്തു. ഉന്നതബന്ധങ്ങളുള്ള പ്രതികളുടെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി നീട്ടിനൽകിയത്.











