സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന. രാവിലെ പത്ത് മണിക്ക് കസ്റ്റംസ് ഓഫീസിലെത്തിയ അനില്‍ നമ്പ്യാരെ അഞ്ചര മണിക്കൂറാണ് ചോദ്യം ചെയ്തത്.
കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളെക്കുറിച്ച് വിശദമായ മൊഴിയെടുക്കുന്നതിനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് വിളിച്ചുവരുത്തിയത്. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
സ്വപ്‌ന സുരേഷ് ഒളിവില്‍ പോകുന്നതിന് മുൻപ് രണ്ട് തവണ അനില്‍ വിളിച്ചതായി വ്യക്തമായിരുന്നു. പിന്നീട് സ്വപ്‌ന പിടിയിലായ ശേഷം നല്‍കിയ മൊഴികളിലും അനിലുമായി ബന്ധം വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വർണ്ണം എത്തിയശേഷം വിട്ടുകിട്ടാനടക്കം അനിൽ നമ്പ്യാരുടെ സഹായം തേടിയെന്ന് സ്വപ്ന തന്നെ മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിൽ കൃത്യത വരുത്തുന്നതിനായാണ് അനിൽ നമ്പ്യാരുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തിയത്.
സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി.
നേരത്തെ അനില്‍ നമ്പ്യാർക്ക് വിദേശത്ത് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുണ്ടായിരുന്നു. ഇത് സ്വപ്‌നയുടെ സ്വാധീനം ഉപയോഗിച്ച് നീക്കം ചെയ്തതായി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി സ്വര്‍ണ്ണക്കടത്തില്‍ അനില്‍ നമ്പ്യാർ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.