ദോഹ: സിറിയക്ക് വെളിച്ചം പകരാൻ ഖത്തറിന്റെ ഇടപെടൽ. ജോർദാൻ വഴിയാണ് സിറിയയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നത്. വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷത്തിൽ സിറിയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നല്ലൊരു പങ്കും തകർന്നിരുന്നു. ബഷാർ അൽ അസദ് സ്ഥാനഭ്രഷ്ഠനാക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ പുനർനിർമാണത്തിന് ഖത്തർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദ്യുതിയെത്തിക്കുന്നത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ജോർദൻ ഊർജ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാവശ്യമായ ദ്രവീകൃതി പ്രകൃതി വാതകം ഖത്തർ ജോർദാനിലെ അഖബ തീരത്തെത്തിക്കും. പൈപ്പ് ലൈൻ വഴി തെക്കൻ സിറിയയിലെ ദേർ അലി പവർ പ്ലാന്റിലെത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക.ആദ്യഘട്ടത്തിൽ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക. ക്രമേണ പ്ലാന്റിന്റെ ഉൽപാദന ശേഷി ഉയർത്തും. ഡമസ്‌കസും അലെപ്പോയും അടക്കമുള്ള പ്രധാന നഗരങ്ങളിലെ കടുത്ത ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതുവഴി സാധിക്കും.
