English हिंदी

Blog

yogi at kerala

 

കാസര്‍കോഡ്: അയോധ്യയില്‍ നിര്‍മ്മിക്കുന്നത് കേവലം ഒരു ക്ഷേത്രമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ ആത്മാഭിമാനം പ്രതിഫലിക്കുന്ന രാഷ്ട്ര മന്ദിരമാണ് ശ്രീരാമ ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

കേരളത്തില്‍ സിപിഎമ്മിന്റെ ഭരണത്തില്‍ ശബരിമല വിശ്വാസികളെ പീഡിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യു.പിയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടു. ശ്രീരാമനെ രാഷ്ട്ര പുരുഷനായി ആദരിച്ചു. കേരള സര്‍ക്കാര്‍ ജനഹിതം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ജനഹിതം സിപിഎം സര്‍ക്കാര്‍ പാലിച്ചില്ലന്നും യോഗി പറഞ്ഞു.

ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഭൂമിയാണ് കേരളം. രാജ്യത്തിന്റെ നാലു കോണുകളില്‍ പീഠങ്ങള്‍ സ്ഥാപിച്ച് ദേശീയ അഖണ്ഡതയുടെ സന്ദേശം നല്‍കിയ മഹാനാണ് ശ്രീശങ്കരന്‍. എന്നാല്‍ ഇന്ന് കേരളത്തില്‍ വിഭാഗീയതയും വര്‍ഗ്ഗീയതയും വളര്‍ത്തുന്നു. തീവ്രവാദ ശക്തികളെ താലോലിക്കുന്നവരാണ് ഭരിക്കുന്നത്. ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ചു. ഏറ്റവും വലിയ വിപത്തായ ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ല. ലൗ ജിഹാദിന് പദ്ധതിയിടുന്നവര്‍ക്ക് കേരളം സഹായം നല്‍കിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിന് എതിരായി നിയമം കൊണ്ടു വന്നു. കേരളത്തില്‍ കണ്ണുരടക്കം പലയിടങ്ങളിലും ദേശവിരുദ്ധ ശക്തികള്‍ വളരുന്നു. ഐസിസ് തീവ്രവാദികളും കേരളത്തില്‍ സാന്നിധ്യം സ്ഥാപിച്ചു. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ദേശസുരക്ഷക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് യോഗി പറഞ്ഞു.

Also read:  യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പരാതികള്‍ കൂടുന്നു

എല്ലാം ഹലാല്‍ വത്കരിക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. ഹലാല്‍ ബാങ്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിലും ചേരിതിരിവ് വ്യക്തമാണ്. ജാതിയും മതവും നോക്കാതെ വികസനം എല്ലാവരിലേക്കും എത്തണമെന്നതാണ് ബിജെപിയുടെ നയം. കേരളത്തില്‍ അതു സംഭവിക്കുന്നില്ലന്ന് യോഗി പറഞ്ഞു.

Also read:  സിബില്‍ അപ്‌ഡേഷന്‍: കെഎഫ്‌സിയുടെ തിരിച്ചടവില്‍ വര്‍ധന

എല്‍ഡിഎഫ് , യുഡിഎഫ് മുന്നണികള്‍ ജനങ്ങളെ അവഗണിച്ച് അഴിമതി നടത്താന്‍ മത്സരിക്കുമ്പോള്‍ കേരളത്തില്‍ കോവിഡ് വ്യാപിക്കുകയാണ്. കോവിഡ് തടയുന്നതില്‍ കേരളം പരാജയപ്പെട്ടു. യുപിയില്‍ കോവിഡ് വ്യാപനം കുറഞ്ഞു. രണ്ടായിരത്തില്‍ താഴെയാണ് രോഗികള്‍. ലോകാരോഗ്യ സംഘടന യുപിയെ അഭിനന്ദിച്ചു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കേരള മുഖ്യമന്ത്രി യു പി യെ നോക്കി ചിരിച്ചു. ഇപ്പോള്‍ ലോകം കേരളത്തെ നോക്കി ചിരിക്കുന്നു.
യുപിയില്‍ നാലുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. നിരവധി മലയാളികള്‍ അവിടെ പണിയെടുക്കുന്നു. 30 മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. 40 ലക്ഷം വീടുകള്‍ നല്‍കി. രണ്ട് കോടി ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു. 1.38 കോടി വൈദ്യുതി കണക്ഷന്‍ നല്‍കി. പത്ത് കോടി വീടുകള്‍ ആയുഷ്മാന്‍ ഭാരതിന്റെ സംരക്ഷണ പരിധിയിലായി. എന്നാല്‍ കേരളത്തില്‍ ഒരു വികസനവും ഉണ്ടാകുന്നില്ല. കേന്ദ്ര പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നില്ല. ജനങ്ങള്‍ വികസിക്കുന്നില്ലങ്കിലും കേരളത്തില്‍ സിപിഎം നേതാക്കളും ബന്ധുക്കളും അണികളും വികസിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Also read:  അത്യാഡംബര സൗകര്യങ്ങളോടെ 'റാവിസ്' തിരുവനന്തപുരത്ത്

ത്രിപുരയിലും ആസാമാലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തി. കേരളത്തിലും ബിജെപി വിജയിക്കും. എല്ലാവരിലേക്കും വികസനമെത്താന്‍ ബിജെപി വരണം. വിജയ യാത്ര അതിനുള്ള മാര്‍ഗ്ഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ യോഗി ആദിത്യ നാഥിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.