ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ പ്രവാസിയായ എഴുത്തുകാരൻ വെള്ളിയോടൻ സൈനുദ്ദീന്(കോഴിക്കോട് ജില്ല) ഒന്നാം സ്ഥാനം. അദ്ദേഹത്തിന്റെ പിര എന്ന ചെറുകഥയ്ക്കാണ് സമ്മാനം. കഴിഞ്ഞ 20 വർഷമായി ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വെള്ളിയോടൻ കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശിയാണ്. മാതാപിതാക്കൾ: കുഞ്ഞബ്ദുല്ല , ബിയ്യാത്തു. ഭാര്യ: സൽമ.
സി. ശ്രീരാഗ് (കണ്ണൂർ. കഥ- ‘എക്സ്ക്ലൂസിവ് “രണ്ടാം സ്ഥാനവും ബി.ജോസുകുട്ടി(ആലപ്പുഴ. കഥ-ബ്രിട്ടീഷ് ഫുഡ് ഇന്ത്യ ലിമിറ്റഡ്) മൂന്നാം സ്ഥാനവും നേടി. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുവിഭാഗത്തിനും പ്രത്യേകമായാണ് മത്സരം സംഘടിപ്പിച്ചത്. കഥ കവിത ഉപന്യാസം എന്നി വിഭാഗങ്ങളിലായി ഒട്ടേറെ സൃഷ്ടികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു.
ഈ മാസം 9 ന് വൈകിട്ട് 5 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും വിതരണം ചെയ്യും എന്ന് കലാ-സാംസ്കാരിക കമിറ്റി ചെയർമാൻ എസ്. രജേന്ദ്രൻ, കൺവീനർ എം. ശിവശങ്കരപിള്ള എന്നിവർ അറിയിച്ചു.










