സുധീര്‍നാഥ്
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മള്‍ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
എന്ന പി ഭാസ്ക്കരന്‍ മാഷിന്‍റെ വരികള്‍ക്ക് റോസി എന്ന സിനിമയ്ക്ക് വേണ്ടി ഈണം നല്‍കിയത് ത്യക്കാക്കരയോട് ചേര്‍ന്ന് സെന്‍റ് പോള്‍സ് കോളേജിന് സമീപം താമസിച്ചിരുന്ന കെ വി ജോബ് മാഷാണ്.
യേശുദാസ് പാടിയ ഈ ഗാനം ഇന്നും സംഗീത പ്രിയരുടെ പ്രിയ ഗാനമാണ്. നാടക സംഗീത സംവിധാനത്തിലൂടെയാണ് ജോബ് മാഷ് ഈ രംഗത്ത് പ്രശസ്തമാകുന്നത്. ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളും മാഷ് സംഗീതം നല്‍കിയിട്ടുണ്ട്.
മലയാള സംഗീതത്തിന് വിസ്മയമായ ഒട്ടേറെ ഈണങ്ങള്‍ സമ്മാനിച്ച ബിജിബാല്‍ താമസിക്കുന്നത് ത്യക്കാക്കരയില്‍. ഇന്ന് ഏറ്റവും തിരക്കേറിയ ബിജിബാല്‍ ത്യക്കാക്കരയില്‍ തന്നെയാണ് സ്റ്റുഡിയോയും ഒരുക്കിയിരിക്കുന്നത്. 2007ല്‍ അറബിക്കഥ എന്ന ആദ്യ ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ സംസ്ഥാന അവാര്‍ഡ് വാങ്ങി ശ്രദ്ധേയനാണ്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയപ്പോള്‍ മലയാളികള്‍ ഈ ഗാനങ്ങള്‍ ഏറ്റ് പാടി പ്രശസ്തമാക്കി.
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും…
മറ്റൊരു അനുഗ്രഹീതനായ യുവ സംഗീത സംവിധായകനും ഗായകനുമാണ് ദേശിയ ചലചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ ഗോപീ സുന്ദര്‍. കീബോര്‍ഡ് പ്രോഗ്രാമര്‍ എന്ന നിലയിലാണ് അദ്ദേഹം കലാരംഗത്ത് ആദ്യം പ്രശസ്തനാകുന്നത്. പിതാവിന്‍റെ സുഹ്യത്തായിരുന്ന സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ ശിഷ്യനാണ്. ഡസന്‍ കണക്കിന് ഈണങ്ങളാണ് ഗോപീ സുന്ദര്‍ മലയാളത്തിന് സമ്മാനിച്ചത്. കര്‍ദിനാള്‍, സെന്‍റ് ജോര്‍ജ്, ഇടപ്പള്ളി ഗവണ്‍മെന്‍റ് സ്ക്കൂളുകളില്‍ പഠിച്ചിരുന്ന ഗോപി സുന്ദര്‍ ഇപ്പോള്‍ ക്ലബിന് അടുത്തായി താമസിക്കുന്നു. വീടിനോട് ചേര്‍ന്ന് സ്വന്തം സ്റ്റുഡിയോയും ഉണ്ട്. ഗോപീ സുന്ദറിന്‍റെ അമ്മയുടെ പിതാവിന്‍റെ ഉടമസ്ഥതയിലാണ് ഇടപ്പള്ളി കൈരളി തീയറ്റര്‍ ഉണ്ടായിരുന്നത്.
മലയാള സംഗീതത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ യുവ സംഗീത സംവിധായകനും ഗായകനുമാണ് അഫ്സല്‍ യൂസഫ്. ജന്‍മനാ അന്ധനായ അഫ്ല്‍ ഒരു ഡസനിലേറെ സിനിമകള്‍ക്കും, ആല്‍ബങ്ങള്‍ക്കും വേണ്ടി സംഗീത സംവിധാനം നടത്തിയിട്ടുണ്ട്. ത്യക്കാക്കര കര്‍ദിനാള്‍ സ്ക്കൂളിലും, ഭാരതമാതായിലും, സെന്‍റ്പോള്‍സിലും, മഹാരാജാസിലുമായി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ അഫ്സലിന് വലിയ സൗഹ്യദമാണുള്ളത്. അഫ്സലിന്‍റെ സംഗീത സംവിധാനത്തിന് കീഴില്‍ യേശുദാസും, ജയചന്ദ്രനും, ഉഷാ ഉദുപ്പും, ശ്രയാ ഗോഷലും, സോനൂ നിഗവുമടക്കം പ്രമുഖ ഗായകരെല്ലാം പാടിയിട്ടുണ്ട്. അഫ്സല്‍ താമസിക്കുന്നത് ത്യക്കാക്കര മോഡല്‍ എന്‍ജിനിയറിങ്ങ് കോളേജിനടുത്താണ്.
നാടക, ക്രിസ്തീയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ആദ്യ കാലങ്ങളില്‍ പ്രശസ്തനായ മറ്റൊരു വ്യക്തിയാണ് വര്‍ഗീസ് പള്ളിപ്പാടന്‍. അദ്ദേഹത്തിന്‍റെ വലിയ ശിഷ്യസമ്പത്ത് പില്‍കാലത്ത് സംഗീത രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. നാടകങ്ങളിലും സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. പി ജെ ആന്‍റണിയോടൊപ്പം ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍ സഹകരിച്ചു. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്ക്കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം ത്യക്കാക്കര മരോട്ടിചോടില്‍ ആരംഭിച്ച സിയാന്‍സ് സംഗീത വിദ്യാലയം ഏറെ പ്രശസ്തമാണ്.
മാപ്പിള ഗാന രചനയിലും, സംവിധാനത്തിലും പ്രശസ്തനായിരുന്ന ത്യക്കാക്കര വാഴക്കാല സ്വദേശിയായിരുന്ന അന്തരിച്ച നദീര്‍ ഹംസ എടുത്ത് പറയേണ്ട വ്യക്തിത്ത്വമാണ്. ഹാസ്യ കഥാപ്രസംഗവും, ഹാസ്യ ഗാനങ്ങളും പാടിയും അദ്ദേഹം പ്രശസ്തനായിരുന്നു. ഇലക്ഷന്‍ കാലത്ത് പാരഡി ഗാനങ്ങള്‍ക്കായി എല്ലാ പാര്‍ട്ടികളും സമീപിക്കുന്ന പാരഡിഗാന രചയിതാവും, സംഗീത സംവിധായകനും, ഗായകനുമാണ് കാക്കനാട് അബ്ദുള്‍ഖാദര്‍. പാര്‍ട്ടിക്കാരുടെ ആരോപണങ്ങളാണ് മൂപ്പര്‍ ഹിറ്റായ പാട്ടിന്‍റെ ഈണത്തിനൊത്ത് തയ്യാറാക്കി പാടുന്നതും പാടിപ്പിക്കുന്നതും. സാമൂഹ്യ വിഷയങ്ങളും സമയോചിതമായി അദ്ദേഹം അവതരിപ്പിച്ച് ശ്രദ്ധേയനാണ്. ഒപ്പന കോലുകളി സംഗീത രംഗത്ത് പ്രശ്തമായ കാസിം ഉസ്താദ്, മജീദ് കളപ്പാട്ട് എന്നിവര്‍ ത്യക്കാക്കര തോപ്പില്‍ നിവാസികളാണ്. ഇരുവരും ഈണം നല്‍കിയ മാപ്പിള ഗാനങ്ങളും, ഒപ്പനയും, കോല്‍ക്കളിയുമായി എല്ലാ വര്‍ഷവും സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവ വേദികളില്‍ നിറഞ്ഞാടാറുണ്ട്. പല ജില്ലാ ടീമിന് വേണ്ടി പരിശീലകനായി ഇരുവരും പോകുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്.