ഷാർജ ∙ രാജ്യാന്തര പുസ്തകോൽസവത്തിന്റെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. പൊതുജനങ്ങൾക്ക് ഇന്നു മുതലാണ് പ്രവേശനം.
വിവിധ വിഭാഗങ്ങളിലായി ഒന്നരക്കോടിയിലധികം പുസ്തകങ്ങൾ മേളയിലുണ്ട്. 83 രാജ്യങ്ങളിൽ നിന്ന് 1576 പ്രസിദ്ധീകരണ ശാലകളും പങ്കെടുക്കും. 13 വരെയാണ് മേള. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന രാജ്യാന്തര പുസ്തകമേളകൾക്കും അറബ് ലോകത്തെ പുസ്തക വിപണിക്കും പുത്തനുണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരായ ഷാർജ ബുക് അതോറിറ്റി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമാകും.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളായ എഴുത്തുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 14 പേർ പങ്കെടുക്കും. ഇന്ത്യൻ –ഇംഗ്ലിഷ് എഴുത്തുകാരൻ അമിതാവ് ഘോഷ്, ചേതൻ ഭഗത്, രവീന്ദർ സിങ്, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ് വി, അർഫീൻ ഖാൻ, സംരംഭകൻ ഹർഷ് മരിവാല, പ്രണയ് ലാൽ എന്നിവരും മലയാളത്തിൽ നിന്ന് കവി മനോജ് കുറൂർ, നോവലിസ്റ്റ് പി. എഫ്. മാത്യൂസ്, ലോകസഞ്ചാരിയും മാധ്യമപ്രവർത്തകനും സംരംഭകനുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ പങ്കെടുക്കും.
പാക്കിസ്ഥാൻ എഴുത്തുകാരിയും ചരിത്രകാരിയുമായ ഡോ.അർഫ സായദ സെഹ്റ, അവൈസ് ഖാൻ എന്നിവരും ശ്രീലങ്കയിൽ നിന്ന് 13 വയസ്സുള്ള പ്രസംഗകനും ടോളറൻസ് ഫോർ ഹാപ്പിനസ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ സനിത്ത് എന്നിവരുമെത്തും. സനിത്താണ് ഇത്തവണ അതിഥിയായെത്തുക. പുസ്തക പ്രകാശനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവയും ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി 11 വരെ. പ്രവേശനം സൗജന്യമാണെങ്കിലും ഓൺലൈൻ വഴി റജിസ്ട്രേഷൻ നടത്തണം.