കെട്ടിടങ്ങള്‍ കാലകാലങ്ങളില്‍ ചായം പൂശണം, ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കരുത് ഉപയോഗശൂന്യമായ സാധനങ്ങള്‍ നശിപ്പിക്കണം
ഷാര്‍ജ : നഗര സൗന്ദര്യത്തിന് വിഘാതമായാല്‍ പരസ്യങ്ങള്‍ പതിക്കുന്നതും നെയിംപ്ലേറ്റുകള്‍ സ്ഥാപിക്കുന്നതും പിഴ ക്ഷണിച്ചു വരുത്തുമെന്ന് ഷാര്‍ജാ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.
വ്യാപാര സ്ഥാപനങ്ങളില്‍ പരസ്യങ്ങള്‍ പതിപ്പിക്കുന്നതിന് അനുമതി വാങ്ങിയിരിക്കണം. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തുന്ന പരസ്യ ബോര്‍ഡ് കൂടാതെ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
സ്ഥാപനത്തിന്റെ പേര് പ്രധാന ബോര്‍ഡില്‍ പതിപ്പിക്കാം. ഇതിനു പുറമേ ഗ്ലാസുകളിലും വാതിലുകളിലും സ്റ്റിക്കറായി പതിപ്പിക്കുന്നത് നഗര സൗന്ദര്യത്തിന് വിഘാതമാണ്.
അനുവാദമില്ലാതെ നെയിം പ്ലേറ്റുകള്‍ പിടിപ്പിക്കുന്നതും ലോഗോ പതിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരത്തില്‍ അനധികൃത പരസ്യം ചെയ്യുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴ ചുമത്തും.
കെട്ടിടങ്ങള്‍ കാലാകാലങ്ങളില്‍ പെയിന്റ് അടിക്കാതെ സൂക്ഷിക്കുന്നതും പൊതുയിടങ്ങളില്‍ തുപ്പുന്നതും അനാവശ്യ സാമഗ്രികള്‍ കൂട്ടിയിടുന്നതിനും വിലക്കുണ്ട്.