വാഷിങ്ടൻ : വൻകിട നിക്ഷേപകർക്കായി 50 ലക്ഷം ഡോളർ (ഏകദേശം 43.7 കോടി രൂപ) വിലയുള്ള ഗോൾഡ് കാർഡ് വീസയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഥിരതാമസാനുമതിക്കുള്ള ഗ്രീൻ കാർഡിനു സമാനമാണിത്. തുടർന്നു പൗരത്വവും സ്വന്തമാക്കാം.
പത്തു പേരെങ്കിലും ജോലി ചെയ്യുന്ന കമ്പനിയിൽ 10 ലക്ഷം ഡോളർ മുതൽ മുടക്കുന്ന നിക്ഷേപകർക്കായി 1990 മുതലുള്ള ഇബി 5 വീസയ്ക്കു പകരം ട്രംപിന്റെ ഗോൾഡ് കാർഡ് രണ്ടാഴ്ചക്കകം നിലവിൽവരും.
വിദേശികളായ സമ്പന്നർക്കുള്ള താൽപര്യം മുതലെടുത്ത് 10 ലക്ഷം ഗോൾഡ് കാർഡുകൾ വിറ്റു വരുമാനമുണ്ടാക്കാനാണ് ട്രംപിന്റെ ആലോചന. റഷ്യയിൽനിന്നുള്ളവർക്കും ഗോൾഡ് കാർഡ് വാങ്ങാനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി. യുകെ ഉൾപ്പെടെ രാജ്യങ്ങളിലും ഇൻവെസ്റ്റർ വീസയുണ്ട്. 50 ലക്ഷം പൗണ്ട് മുതൽ 1 കോടി പൗണ്ട് വരെ നിക്ഷേപം നടത്തുന്നവർക്കാണിത്.












