പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍
ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദുബായിയില്‍ നിന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ വിജയ് ബാബു പോലീസ് സ്റ്റേഷനില്‍ രാവിലെ പതിനൊന്നേടെ നേരിട്ടു ഹാജരാകുകയായിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അന്വേഷ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ദ്ദേശിച്ചിരുന്നു,
തനിക്ക് ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വാസം ഉണ്ടെന്നും നിയമ വിധേയനാണെന്നും പോലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. താമസിയാതെ സത്യം തെളിയുമെന്നും കാത്തിരിക്കണമെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സൗത്ത് പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനൊപ്പമാണ് വിജയ് ബാബു എത്തിയത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിനൊപ്പം ഇരയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മറ്റൊരു കേസും നിലവിലുണ്ട്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ദുബായിയിലേക്ക് പോയ വിജയ് ബാബു 39 ദിവസമായി ഒളിവില്‍ കഴിയുകയായിരു
ന്നു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തിരുന്നു.
എന്നാല്‍, ഇതിനു മുമ്പ് ജോര്‍ജിയയിലേക്ക് മുങ്ങിയ വിജയ് ബാബു പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരികെ ദുബായിയിലും പിന്നീട് നാട്ടിലേക്കും മടങ്ങി വരികയായിരുന്നു.
രാവിലെ ഒമ്പതരയോടെ എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ വിമാനം ഇറങ്ങുമ്പോള്‍ പോലീസ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.
മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ കാര്‍ പാര്‍ക്കിംഗിലേക്ക് പോയ വിജയ് ബാബു പിന്നീട് ആലുവയിലെ ക്ഷേത്രത്തില്‍ ഭാര്യക്കൊപ്പം ദര്‍ശനം നടത്തി. തുടര്‍ന്ന് അഭിഭാഷകനൊപ്പം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. കോടതി ഉത്തരവ് അറിഞ്ഞ ശേഷമാകും പോലീസിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍.