ദുബൈ : ലോകത്തിലെ ആദ്യ ഫംഗസ് സംരക്ഷണ കേന്ദ്രം ദുബൈയിലെ എക്‌സ്‌പോ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ‘സെൻറർ ഫോർ സ്പീഷീസ് സർവൈവൽ’ (CCS) എന്ന പേരിലാണ് ഈ പ്രത്യേക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) സ്പീഷീസ് സർവൈവൽ കമ്മീഷന്റെ പങ്കാളിത്തത്തോടെയാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ടെറയിൽ എന്ന സുസ്ഥിരത പവലിയനിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, യുഎഇയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ്. സുസ്ഥിരത, ഭക്ഷ്യസുരക്ഷ, ആവാസ വ്യവസ്ഥയുടെ നിലനിൽപ്പ്, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഫംഗസുകൾ നിർണായക പങ്ക് വഹിക്കുന്നുവെങ്കിലും സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സസ്യജാലങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും കാർബൺ സംഭരണത്തിലൂടെയും ഫംഗസുകൾ വലിയ പിന്തുണ നൽകുന്നുണ്ട്. കൂടാതെ വൈദ്യശാസ്ത്രം, കൃഷി, വാസ്തുവിദ്യ, കാലാവസ്ഥ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിലേക്കുള്ള നവീന സാധ്യതകളും ഫംഗസുകൾ വാഗ്ദാനം ചെയ്യുന്നു.