മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങളിലെ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഇറാഖിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ലോകകപ്പിന് ഗ്രൂപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടാമെന്നുള്ള ഒമാന്റെ സ്വപ്നങ്ങൾക്ക് ഏറെക്കുറെ അവസാനമായി. വിജയത്തോടെ 11 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്താനും ഇറാഖിനായി. ഗ്രൂപ്പിലെ എല്ലാ ടീമുകളും ആറ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 14 പോയന്റുമായി ഒന്നാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്.
ഒമ്പതുപോയന്റുമായി ജോർഡൻ മൂന്നാം സ്ഥാനത്തും ആറ് പോയന്റുള്ള ഒമാൻ നാലാം സ്ഥാനത്തുമാണ്. ഫലസ്തീൻ, കുവൈത്ത് ടീമുകളാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ. ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനത്തുള്ളവർ യോഗ്യത മത്സരങ്ങളിലെ അടുത്ത റൗണ്ടിലേക്ക് അർഹത നേടും. ഓരോ ടീമുകൾക്കും നാലു വീതം മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ദക്ഷിണ കൊറിയ ഒന്നാം സ്ഥാനം ഉറപ്പിച്ച് ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തിനായി ഇറാഖും ജോർഡനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അതുകൊണ്ട് മൂന്നോ നാലോ സ്ഥാനത്തെത്തി അടുത്ത റൗണ്ടിന് യോഗ്യത നേടാനായിരിക്കും ഒമാൻ ശ്രമിക്കുക. എന്നാൽ, അതും ഏറക്കുറെ ദുഷ്കരമാണ്. ഇനിയുള്ള നാല് മത്സരങ്ങൾ ജയിക്കുക എന്നത് നിലവിലെ ഫോമിൽ കഠിനമാണ്. മത്സരങ്ങളിൽ മൂന്നും എവേ മാച്ചുകൾ ആണെന്നതാണ് ഒമാനെ കുഴക്കുന്നത്. ബാക്കിയുള്ള ഒരു ഹോം മാച്ച് കരുത്തരായ ജോർഡനെതിരെയുമാണ്. അതെസമയം ഫലസ്തീൻ, കുവൈത്ത് ടീമുകൾക്കെതിരായ എവേ മത്സരങ്ങൾ ജയിക്കാം എന്നുള്ള പ്രതീക്ഷയാണ്. ഫലസ്തീനെ പൂർണമായും അവഗണിക്കാനും കഴിയില്ല.
ദക്ഷിണ കൊറിയ പോലുള്ള ടീമുകളെ സമനിലയിൽ തളച്ചാണ് ഫലസ്തീൻ മുന്നേറുന്നത്. നീണ്ട മൂന്നു മാസത്തെ ഇടവേളക്കു ശേഷം ഒമാന്റെ അടുത്ത മത്സരം അടുത്ത മാർച്ച് 20ന് ദക്ഷിണ കൊറിയക്ക് എതിരെയാണ്. 25ന് കുവൈത്തുമായും ജൂൺ അഞ്ചിന് ജോർഡനുമായും പത്തിന് ഫലസ്തീനുമായും ഏറ്റുമുട്ടും. ഇനിയുള്ള മത്സരങ്ങളിൽ ജീവന്മരണ പോരാട്ടം കാഴ്ചവെച്ചാൽ മാത്രമേ ഒമാന് ലോകകപ്പ് ഫൈനൽ റൗണ്ട് പ്രവേശനം സാധ്യമാകൂ. കളിക്കാരെല്ലാം ക്ഷീണിതരാണെന്നും മൂന്നു മാസക്കാലം കൊണ്ട് കൂടുതൽ സജ്ജരായി മത്സരങ്ങൾക്ക് തയാറായി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും കോച്ച് റാഷിദ് ജാബിർ മത്സര ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.