റാസല്‍ഖൈമ: റാസല്‍ഖൈമയിലെ നിക്ഷേപ-വ്യാപാര അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ബിസിനസ് ഉച്ചകോടി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റാക് അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. മേഖലയിലെ ഉൽപാദന, നിക്ഷേപ സാധ്യതകള്‍, മാരിടൈം ട്രേഡിങ്, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. റാക് ഇക്കണോമിക് സോണിന്റെ (റാകിസ്) ആഭിമുഖ്യത്തില്‍ നടക്കുന്ന ഉച്ചകോടിയോടനുബന്ധിച്ച് വ്യവസായ-വാണിജ്യ തീമുകളില്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്ത വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കുന്ന ഉച്ചകോടിയില്‍, യു.എ.ഇ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സ്വാലിഹ്, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആൻഡ് പ്രിവന്‍ഷന്‍ ഹെല്‍ത്ത് റഗുലേഷന് സെക്ടര്‍ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ അല്‍ അമീറി, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആൻഡ് അഡ്വാന്‍സ്ഡ് ടെക്നേ0ളജി അണ്ടര്‍ സെക്രട്ടറി ഒമര്‍ സുവൈന അല്‍സുവൈദി, റാക് പെട്രോളിയം അതോറിറ്റി സി.ഇ.ഒ ക്രിസ്വുഡ്, റാക് പോര്‍ട്ട് സി.ഇ.ഒ റോയ് കുമ്മിന്‍സ്, റാക് പ്രോപ്പര്‍ട്ടീസ് സി.ഇ.ഒ സാമിഹ് മുഹ്തദി, റാക് സെറാമിക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മസ്സാദ്, റാക് സിവില്‍ ഏവിയേഷന്‍ ചെയര്മാന് എൻജിനീയര്‍ സാലിം ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി, ബി.എന്‍.ഡ്യു ഡെവലപ്മെന്റ് ചെയര്മാന് അങ്കുര്‍ അഗര്‍വാള്‍, എം.ഡി വിവേക് ആനന്ദ് ഒബ്റോയ്, റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ റാക്കി ഫിലിപ്പ്സ്, റാകിസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ റാമി ജല്ലാദ് തുടങ്ങിയവര്‍ സംബന്ധിക്കും.
