അബൂദബി: മധുരമൂറും ചക്കപ്പഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിച്ച് യു.എ.ഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു. അബൂദബി മദീനത്ത് സായിദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ആർ.ജെമാരായ മായ കർത്ത, ജോൺ എന്നിവർ ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, മലേഷ്യ, തായ്ലൻഡ്, ഉഗാണ്ട, മെക്സികോ തുടങ്ങി ലോകത്തെ വിവിധയിടങ്ങളിൽനിന്നുള്ള ചക്ക ഉൽപന്നങ്ങളാണ് ഫെസ്റ്റിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നാടൻ തേൻവരിക്ക മുതൽ വിയറ്റ്നാം റെഡ് ചക്ക വരെ 30 ലധികം ചക്ക ഉൽപന്നങ്ങൾ ഫെസ്റ്റിലുണ്ട്. കൂടാതെ ചക്ക കൊണ്ടുള്ള വ്യത്യസ്തമാർന്ന രുചിക്കൂട്ടുകളും വിഭവങ്ങളും ചക്ക ജിലേബിയും ചക്കപ്പായസവും വരെ ഒരുക്കിയിട്ടുണ്ട്. ചക്കകൊണ്ടുള്ള സ്പെഷൽ സ്വിസ് റോൾ, ജാക്ക്ഫ്രൂട്ട് ഡോണട്ട്സ്, കേക്ക്, ബിസ്കറ്റ്സ് തുടങ്ങിയ ബേക്കറി വിഭവങ്ങളും ഫെസ്റ്റിന്റെ ഭാഗമായി മധുരപ്രേമികളെ കാത്തിരിക്കുന്നു. ഏഷ്യൻ ജാക്ക്ഫ്രൂട്ട് സലാഡ്, ജാക്ക്ഫ്രൂട്ട് ബിരിയാണി, ചക്കകൊണ്ടുള്ള ഹൽവ, മിൽക്ക് ഷേക്ക് , ജാക്ക്ഫ്രൂട്ട് പെപ്പർ ഫ്രൈ തുടങ്ങി നിരവധി വിഭവങ്ങളാണ് കാത്തിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ ഒമ്പതു വരെയാണ് ഫെസ്റ്റ്.
