Web Desk
കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്നും ഈ വെല്ലുവിളികൾ പുതിയ സാധ്യതയായാണ് കാണുന്നതെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ശമ്പളത്തിന് മൂന്ന് മാസം കൂടി സർക്കാർ സഹായം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സ്ഥാനത്ത് മൂന്നു വർഷമെങ്കിലും ഇരിക്കാനായാൽ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ എന്ന് പറഞ്ഞ അദ്ദേഹം ഇരുചക്ര വാഹനയാത്രക്കാരെ ബസ്സിലേക്ക് തിരികെ എത്തിക്കുകയാണ് പ്രധാന പദ്ധതിഎന്നും വ്യക്തമാക്കി.
കംപ്യൂട്ടറൈസേഷന് പ്രഥമ പരിഗണന നൽകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്നും യാത്രാ നിരക്ക് കൂട്ടണമെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് കെഎസ്ആർടിസിയുടെ ഉന്നമനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കും. സുശീൽ ഖന്ന റിപ്പോർട്ട് പൂർണ്ണമായും നടപ്പാക്കാനാകില്ലെന്നും ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള നടപടികൾ സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഉറപ്പുനൽകി.