കൊച്ചി : ഷൂട്ടിംങ് തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപി ഇത്തവണ മത്സരത്തിനിറങ്ങണമെന്ന നിലപാടിലാണ് പാര്‍ട്ടി. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംങ് നടക്കുന്നതിനാല്‍ മത്സരത്തിനില്ലെന്ന് താരം നേതാക്കളെ നേരത്തെ അറിയിച്ചിരുന്നു. ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല തരംഗമാണെന്നും ജനപ്രിയരായ നേതാക്കള്‍ മത്സരിക്കാതിരുന്നാല്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ജനപ്രിയ താരങ്ങളെ കൂടി രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതാക്കള്‍.
തിരുവന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശ്ശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ മത്സരത്തിനിറങ്ങിയാല്‍ ഗുരുവായൂര്‍ മണ്ഡലം വേണമെന്നാണ് സുരേഷ് ഗോപിയുടെ നിലപാടെന്നാണ് അറിയുന്നത്. തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലം ഉള്‍പ്പെടുന്നതാണ് ഗുരുവായൂര്‍ നിയമസഭ മണ്ഡലം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് 33,967 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു.തൃശ്ശൂരില്‍ ഇത്തവണ മത്സരത്തിനിറങ്ങിയാല്‍ അനുകൂലമാകുമെന്നാണ് നേതാക്കളുടെ കണക്ക്കൂട്ടല്‍.
