സുധീര്‍ നാഥ്
വേണ്ടത്ര ചികിത്സ ലഭിക്കാതെ പിതാവ് മരണപ്പെടുന്നത് മമതാ ബാനര്‍ജ്ജി കാണുന്നത് 17ാം വയസിലാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലാത്തതായിരുന്നു, സാമ്പത്തികമായി പിന്നോക്കമായ ഇടത്തരം ബംഗാളി ബ്രാഹ്മണ കുടുബത്തിലെ നാഥനായ പ്രോമിലേശ്വര്‍ ബാനര്‍ജ്ജി മരണപ്പെട്ടതിന് കാരണം. വിദ്യാര്‍ത്ഥിനിയും യുവതിയുമായ മമതയെ ചെറുതായൊന്നുമല്ല ഈ സംഭവം പിടിച്ചു കുലുക്കിയത്. പിന്നീട് അമ്മ ഗായത്രീ ദേവിയുടെ തണലിലാണ് മമത വളര്‍ന്നത്. ഇന്നത്തെ മമതയെ മമത തന്നെ സ്വയം വാര്‍ത്തെടുത്തത് പിതാവിന്‍റെ മരണ ശേഷമാണ്. പിതാവിന്‍റെ മരണത്തോടെ പാവങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വെയ്ക്കുന്നതായി ശപഥം എടുത്തു. ദുര്‍ഗ്ഗാ പൂജയുടെ എട്ടാം നാള്‍ അഷ്ടമിക്കാണ് മമതയുടെ അമ്മ മമതയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ മറ്റ് ഔദ്യോഗിക രേഖകള്‍ പ്രകാരം 1955ല്‍ ജനുവരി 5നാണ് മമതയുടെ ജനനം.
സ്ക്കൂള്‍ പഠനകാലത്ത് തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു മമത. 15ാം വയസില്‍ ജോഗാമായാ ദേവി കോളേജില്‍ പഠിക്കുന്ന കാലത്ത് കോണ്‍ഗ്രസ്സിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ ചത്രപരിഷത്ത് യൂണിയനില്‍ സജ്ജീവ അംഗമായി പ്രവര്‍ത്തനം ശക്തമാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സിലും, മഹിളാ കോണ്‍ഗ്രസ്സിലും സജ്ജീവമായ മമത ബംഗാളിലെ ശക്തരായ ഇടത്പക്ഷത്തിന്‍റെ നോട്ടപ്പുള്ളിയായത് ചടുലമായ സംസാരത്തിലൂടെയും പ്രവര്‍ത്തിയിലൂടെയുമായിരുന്നു. 1984ല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ അതിശക്തരായിരുന്ന സിപിഎമ്മിനെതിരെ അതിശക്തമായി തന്നെ എതിരിട്ടാണ് രാഷ്ട്രീയത്തില്‍ ശ്രദ്ദേയമാകുന്നത്.
1984ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ശക്തനായ നേതാവ് സോമനാഥ് ചാറ്റര്‍ജ്ജിയെ ജാതവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് തോല്‍പ്പിച്ച് യുവതിയായ തീപ്പൊരി പെണ്ണ് മമത ബാനര്‍ജ്ജി പാര്‍ലമെന്‍റില്‍ എത്തി. 1991ലെ നരസിംഹ റാവു സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായി ചുമതല ഏറ്റ മമതാ സ്വന്തം സര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശിച്ച് മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തത് ചരിത്രമാണ്. അവിവാഹിതയായ അവര്‍ കോട്ടന്‍ സാരിയും തുണി സഞ്ചിയും റമ്പര്‍ ചെരുപ്പം അണിഞ്ഞ് കാറിന്‍റെ മുന്‍ സീറ്റില്‍ യാത്ര ചെയ്ത് പണ്ടേ ശ്രദ്ദേയയായിരുന്നു.
രാഷ്ട്രീയത്തില്‍ സജ്ജീവമായ മമത തന്‍റെ നാട്ടില്‍ രാഷ്ട്രീയ മേല്‍കോയ്മയും ബഹുമാനവും ലഭിക്കാന്‍ ഡോക്ടര്‍ മമതാ ബാനര്‍ജ്ജി എന്ന് വിശേഷിപ്പിച്ചിരുന്നു. യുഎസ്ഐയിലെ ഈസ്റ്റ് ജിഗോര്‍ഗിയ സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി ഡിഗ്രി എടുത്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞിരുന്നത്. 1991ല്‍ ജലക്ഷന്‍ കാലത്ത് മമതയുടെ ഡോക്ടര്‍ പദവി വ്യാജമാണെന്നും ഇങ്ങനെ ഒരു സര്‍വ്വകലാശാല ഇല്ലെന്നും പ്രതിപക്ഷം കണ്ടെത്തി തെളിയിച്ചത് അവരുടെ രാഷ്ട്രീയ ജീവിതത്തിലേറ്റ കനത്ത പ്രഹരമായിരുന്നു. അഗ്നി കന്യ (തീപ്പൊരി പെണ്ണ്) എന്ന പുതിയ തന്ത്രത്തിലൂടെ രാഷ്ട്രീയത്തില്‍ വീണ്ടും മമത തിരിച്ചെത്തിയത് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു.
ڇ മോറാ ഏകി ബ്രിന്‍ടി ദുട്ടി കുസും, ഹിന്ദു മുസല്‍മാന്‍ ڈ എന്ന നസ്റുളിന്‍റെ ഗാനത്തിലെ വരികള്‍ മമതയുടെ ഏറ്റവും പ്രിയപ്പെട്ടതാണ്. നമ്മള്‍ (ഹിന്ദുക്കളും മുസ്ലീമുകളും) ഒരു ചെടിയിലെ രണ്ട് പുഷ്പങ്ങളാണെന്നതാണ് ഈ വരികളുടെ അര്‍ത്ഥം. ഇത് പാര്‍ലമെന്‍റിലും ബംഗാള്‍ നിയസഭയിലും പൊതുയോഗങ്ങളിലും മമത എപ്പോഴും പാടാറുള്ളതാണ്. 1997ല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് മമത രൂപീകരിച്ച ത്രിണമൂലിന്‍റെ ചിഹ്നത്തിലെ രണ്ട് പൂക്കള്‍ മമതയുടെ താത്പര്യമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. 1998ല്‍ സ്ത്രി സംവരണ ബില്ലിനെ എതിര്‍ത്ത സമാജ്വാദി പാര്‍ട്ടിയുടെ ദരോഗാ പ്രസാദ് സരോജിനെ കോളറിന് പിടിച്ച് പാര്‍ലമെന്‍റിന്‍റെ നടുത്തളത്തില്‍ വലിച്ചിഴച്ചതോടെ മമതയുടെ വീര്യത്തിന് പാര്‍ലമെന്‍റും സാക്ഷിയായി.
നല്ലൊരു ചിത്രകാരിയും കവയത്രിയുമായ മമത തന്‍റെ ചിത്രങ്ങള്‍ വിറ്റാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഫണ്ടുകള്‍ കണ്ടെത്തിയിരുന്നത്. ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങളിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. അവരെ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. വിമര്‍ശകരുടെ ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ എടുത്ത പല നടപടികളും വിവാദങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. 1999ല്‍ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായ മമത പിന്നീട് യുപിഐ സര്‍ക്കാരിലും മന്ത്രിയായി. സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കാണ് അവര്‍ പിന്നീട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബംഗാളിലെ പ്രമുഖരായ രണ്ട് ദേശിയ പാര്‍ട്ടികളായ സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും തകര്‍ക്കാന്‍ മമതയുടെ പുതിയ പാര്‍ട്ടിക്ക് കഴിഞ്ഞു. ബംഗാളിലെ ഭൂരിപക്ഷം ജനങ്ങളുടെ വോട്ട് നേടിയതോടെ ബംഗാളിന്‍റെ മുഖ്യമന്ത്രിയായി വാഴുകയാണ് ഇന്ന് മമത. വീണ്ടും അവര്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.