ന്യൂഡൽഹി: രാജ്യത്തെ നിലവിലെ കോവിഡ്-19 സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, മൂന്ന് സർവീസുകൾ, ഡി.ആർ.ഡി.ഒ, മറ്റ് പ്രതിരോധ സംഘടനകൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു യോഗം.
യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, മൂന്ന് സർവീസ് മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ ഡി.ആർ.ഡി.ഒ സ്ഥാപിക്കുന്ന പ്രത്യേക കോവിഡ് ആശുപത്രികൾ, സൈനിക ആശുപത്രികളിൽ അധിക ആശുപത്രി കിടക്കകൾ സൃഷ്ടിക്കൽ, പി.എം കെയേഴ്സ് ഫണ്ടിനു കീഴിലുള്ള പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി.എസ്.എ) ഓക്സിജൻ പ്ലാന്റുകൾ വിതരണം ചെയ്യുക, നിലവിലെ ആവശ്യം പരിഗണിച്ച് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും എണ്ണം ഉയർത്തുക എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യോഗം.
മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് ആരോഗ്യ ഉപകരണങ്ങൾ എന്നിവ വിദേശത്ത് നിന്ന് എത്തിക്കുന്നതിന് ഇന്ത്യൻ നാവിക കപ്പലുകൾ നൽകുന്ന ലോജിസ്റ്റിക് പിന്തുണയും യോഗത്തിൽ എടുത്തുപറഞ്ഞു. ആരോഗ്യ ഉപകരണങ്ങൾ എത്തിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തും വ്യോമസേനാ നടത്തിയ 990 യാത്രകളും യോഗം വിലയിരുത്തി.
കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ പ്രതിരോധ മന്ത്രാലയവും മറ്റ് പ്രതിരോധ സംഘടനകളും നൽകുന്ന സഹായങ്ങൾ സംബന്ധിച്ച് 2021 ഏപ്രിൽ 20 ന് ശേഷം രക്ഷ മന്ത്രി നടത്തുന്ന നാലാമത്തെ അവലോകന യോഗമാണിത്.