മനാമ: ഡിജിറ്റൽ യുഗത്തിനനുസരിച്ച് അധ്യാപന രീതികളും മാറിക്കൊണ്ടിരിക്കയാണ്. അധ്യാപന മേഖലയെ നവീകരിക്കാനുള്ള ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നിർമിത ബുദ്ധി, വെർച്വൽ പഠന സംവിധാനങ്ങൾ വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രീഡി, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി എന്നിവ ഇതിലുൾപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ പാർലമെന്റിൽ സംസാരിക്കവെ പറഞ്ഞു.
സ്കൂളുകളുടെ ഡിജിറ്റൽ മാറ്റത്തെക്കുറിച്ചും അതിനുള്ള സാങ്കേതിക ആവശ്യങ്ങളെക്കുറിച്ചുമുള്ള ഡോ. മുനീർ സെറൂറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികളിലും അതിനപ്പുറത്തും പഠനത്തെ പിന്തുണക്കാൻ സ്കൂളുകൾക്ക് ഇന്ററാക്ടിവ് സോഫ്റ്റ് വെയർ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അധ്യാപകർക്ക് കൂടുതൽ ദൃശ്യപരവും ആകർഷകവുമായ രീതിയിൽ പാഠങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് സ്വയംപഠനത്തിന് പുതിയ ഉപകരണങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപനത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ച് മന്ത്രാലയം നയവും മാർഗങ്ങളും തയാറാക്കുമെന്നും അസാധാരമായുള്ള പിഴവുകൾ പരിഹരിച്ച് ഓൺലൈൻ ഉപകരണങ്ങൾ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിദ്യാർഥികളിൽ അവബോധമുണ്ടാക്കാനുള്ള ഒരു പാഠ്യ പദ്ധതി ആരംഭിക്കുമെന്നും ഡോ. ജുമുഅ പറഞ്ഞു.
