രത്തൻ ടാറ്റായുടെ ജീവിതം തന്നെ അടങ്ങാത്ത അഭിനിവേശത്തിന്റേതായിരുന്നു. കാറുകളുടെ ഒരു വലിയ കളക്ഷൻ രത്തനുണ്ടായിരുന്നു. ബിസിനസ് സാമ്രാജ്യം തഴച്ചുവളർന്നപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എല്ലാറ്റിനും പുറമെ ലൈസൻസ് ഉള്ള, ഒരു ട്രെയിൻഡ് പൈലറ്റ് കൂടിയുമായിരുന്നു രത്തൻ ടാറ്റ.
രത്തൻ ടാറ്റ ഒരിക്കൽ ബെംഗളുരുവിൽ ഫൈറ്റർ ജെറ്റ് പറത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 69-ാം വയസ്സിലായിരുന്നു, പ്രായത്തെയും ഏറെ പിന്നിലാക്കി, രത്തൻ ടാറ്റ എഫ് 16 ഫൈറ്റർ ജെറ്റ് പൈലറ്റ് ആയി കുറച്ചുനേരത്തേക്കെങ്കിലും വേഷമിട്ടത്. 2007ലായിരുന്നു പുതുമകളോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിനിവേശം പ്രകടമാകുന്ന ഈ സംഭവം.
2007ൽ ബെംഗളൂരുവിൽ നടന്ന ഒരു വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് രത്തൻ ടാറ്റ തന്റെ ‘ഫ്ലൈറ്റ്’ സ്കില്ലുകൾ പുറത്തെടുത്തത്. സഹപൈലറ്റിന്റെ കൂടെയാണ് രത്തൻ ടാറ്റ അന്ന് ഫൈറ്റർ ജെറ്റ് പറത്തിയത്. ഏകദേശം അര മണിക്കൂറോളം ആകാശത്തു ധാരണ ശേഷം രത്തൻ ടാറ്റ അന്ന് പറഞ്ഞത് ഇങ്ങനെയാണ്. ‘ചിലപ്പോൾ നമ്മൾക്ക് പേടി തോന്നും, കമാൻഡർ വന്നപ്പോൾ തന്നെ ഞങ്ങൾ കൃത്യമായി സംസാരിച്ച് എന്തൊക്കെ ചെയ്യണമെന്ന ധാരണയുണ്ടാക്കി. ആകാശത്തിലൂടെ ഒരുപാട് പറന്നു. ഒരു കുന്നിന്റെ മുകളിലൂടെ പറന്നിറങ്ങുക, അതിന്റെ വശങ്ങളിലൂടെ പോകുക, ഇതെല്ലാം അവിശ്വസനീയമാണ്…’
അതുകൊണ്ടും തീർന്നില്ല രത്തൻ ടാറ്റയുടെ ആഗ്രഹങ്ങൾ. തൊട്ടടുത്ത ദിവസം ബോയിങ്ങ് എഫ് 18 സൂപ്പർ ഹോർനെറ്റ് ജെറ്റും രത്തൻ ടാറ്റ പറത്തി. ഏവിയേഷൻ മേഖലയെ അത്രകണ്ട് ഇഷ്ടപ്പെടുന്ന രത്തൻ ടാറ്റയ്ക്ക് ഇതൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷം തന്നെയായിരുന്നു.