ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു.
ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയയുടെ അധ്യക്ഷത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യൻ പ്രസ്ക്ലബ്ബ് നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥിയായി പങ്കെടുത്തു, ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചിക്കാഗോയിലെ വിവിധ മലയാളി, ഇന്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച ഭാരവാഹികൾ പരിപാടിയിൽ സജീവമായി പങ്കെടുത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ ചിക്കാഗോ ചാപ്റ്ററിലെ അംഗങ്ങൾക്കും, മീഡിയ കോൺഫറൻസിന്റെ പ്രാദേശിക സ്പോൺസർമാർക്കും ഇടയിലുണ്ടായ ആവേശജനകമായ ഒത്തിണക്കമാണ് കിക്കോഫ് സമ്മേളനത്തെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തിയത്.
അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.എൽ.എമാരും മറ്റ് പ്രമുഖ മാധ്യമ പ്രവർത്തകരുമാണ് പങ്കെടുക്കുന്നത്.
അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് പ്രയോജനപ്പെടുന്ന, ആശയവിനിമയത്തിനും പരിശീലനത്തിനും സാധ്യതയുള്ള വിവിധ പ്രോഗ്രാമുകൾ ഈ വർഷത്തെ കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025-ലെ മീഡിയ കോൺഫറൻസ് സംഘടിപ്പിക്കുന്നത് ന്യൂജെഴ്സിയിലെ എഡിസൺ ടൗൺഷിപ്പിലാണെന്നത് പ്രത്യേകതയാണ്. ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലമായതിനാൽ ഇത് വലിയ പങ്കാളിത്തത്തിനും പ്രാധാന്യത്തിനും വാതായനം തുറക്കുമെന്നത് ഉറപ്പാണ്. എഡിസൺ മേയർ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: www.indiapressclub.org