സുധീര്‍നാഥ്
മനോഹരമായ പ്രക്യതി ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശമായിരുന്നു ത്യക്കാക്കര. അതിപ്പോള്‍ ആധുനിക സൗകര്യങ്ങളോടുള്ള പട്ടണമായി മാറിയിരിക്കുന്നു. പാടങ്ങളും, പുഴകളും, മലകളും കൊണ്ട് സുന്ദരമായ പ്രദേശം എത്രയോ പഴയ സിനിമകളില്‍ ഇപ്പോഴും കാണാം. ത്യക്കാക്കരയില്‍ പ്രശസ്തരല്ലാത്ത ഒട്ടേറെ ചിത്രകാരന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ പലരും വിസ്മ്യതിയിലായത് ഒരു അവശേഷിപ്പും വെയ്ക്കാതെയായിരുന്നു. സ്വയം ഉള്‍വലിയുന്നവരായിരുന്നല്ലോ പല കലാകാരന്‍മാരും. ഒട്ടേറെ കലാകാരന്‍മാര്‍ അവസരം ലഭിക്കാതെ എരിഞ്ഞടങ്ങിയിട്ടുണ്ട്. അത് ചിത്രകലാ രംഗത്ത് മാത്രമല്ല, സംഗീതലോകത്തും, അഭിനയ ലോകത്തും, സാഹിത്യ ലോകത്തും ഉണ്ട്. ത്യക്കാക്കരയിലെ മാത്രം അവസ്ഥയല്ല അത്.
മഹാബലിയുടെ രൂപം ആദ്യം വരച്ചത് തമിഴ്നാട്ടിലെ ശിവകാശിയിലുള്ള ചിത്രകാരനായിരിക്കണം. പുരാണങ്ങളില്‍ വിവരിക്കുന്ന മഹാബലി കുടവയറനല്ല, കപ്പട മീശയും ഇല്ല. പിന്നെ ഈ രൂപം എങ്ങിനെ വന്നു എന്ന ചരിത്രാന്വേഷണമാണ് ചിത്രകാരനില്‍ കൊണ്ടെത്തിച്ചത്. ഓരോ ദൈവ രൂപങ്ങളും ചിത്രകാരന്‍ ഭാവനയില്‍ വരച്ചിടുന്നതാണ്. അത് പിന്നീട് വരുന്ന ചിത്രകാരന്‍മാര്‍ പിന്തുടരും. പണ്ട് ദൈവങ്ങളുടെ രൂപം കലണ്ടറിന് വേണ്ടി വരച്ചിരുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസ് ആന്‍റണി പറഞ്ഞത് ഓര്‍മ്മ വരുന്നു. ഒരു ചിത്രവുമില്ലാതിരുന്ന പുണ്യവാളനാക്കപ്പെട്ട വ്യക്തിയുടെ രൂപം അദ്ദേഹത്തിന്‍റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നത്രെ. ഇപ്പോള്‍ പലയിടത്തും കാണുന്നത് തോമസ് ആന്‍റണി ഭാവനയില്‍ വരച്ച മുഖമാണ്.
ത്യക്കാക്കര വാമനമൂര്‍ത്തി വിഗ്രഹത്തിന്‍റെ രൂപം ആദ്യം വരച്ചത് ത്യക്കാക്കരയിലെ ഒരു ചിത്രകാരന്‍ തന്നെയാണ്. ത്യക്കാക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ താമസിക്കുന്ന സോമശേഖരന്‍ എന്ന ആര്‍ട്ടിസ്റ്റ് സോമനാണ് അത് വരച്ചത്. വിഗ്രഹം 45 ദിവസമെടുത്ത് നടയില്‍ നിന്ന് നിരീക്ഷിച്ചിരുന്നു. പൂജാരിമാരുടെ സഹായത്താല്‍ ദര്‍ഭപുല്ലില്‍ അളവെടുത്താണ് അദ്ദേഹം ചിത്രം പൂര്‍ത്തീകരിച്ചത്. പിന്നീട് പലരും വാമനമൂര്‍ത്തി വിഗ്രഹത്തിന്‍റെ ചിത്രം പകര്‍ത്തി വരച്ചിട്ടുണ്ട്.
തൃക്കാക്കരയിലെ ആദ്യ നാടക സംവിധായകന്‍ സിനിമ പോസ്റ്റര്‍ ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ദാസന്‍. ഹിന്ദി സിനിമയുടെ പോസ്റ്റര്‍ വാമന ദാസന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കേസരി സ്മാരക സഹ്യദയ വായനശാലയുടെ എബ്ലം ഡിസൈന്‍ ചെയ്തത് ദാസന്‍ ആയിരുന്നു. ത്യക്കാക്കര കാക്കനാട് സ്വദേശിയായ സലില്‍ പി വാസുദേവന്‍ ആര്‍എല്‍വിയില്‍ നിന്ന് ചിത്രകല പഠിച്ചിറങ്ങി ഈരംഗത്ത് പ്രശസ്തനായി. നല്ലൊരു ഫോട്ടോഗ്രാഫര്‍കൂടിയായ സലില്‍ ഒട്ടേറെ പ്രദര്‍നങ്ങളും നടത്തിയിട്ടുണ്ട്.
തോമസ് വാത്തികുളം എന്ന പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മ ശൈലിയില്‍ ചിത്രങ്ങള്‍ വരച്ച് പ്രശസ്തനായിരുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്നാണ് ചിത്രകല പഠിച്ചത്. 1989ല്‍ അദ്ദേഹം അന്തരിച്ചു. ജോസഫ്, റോക്കി, മാത്യൂസ് എന്നീ സഹോദരങ്ങള്‍ ചുവര്‍ ചിത്രം, കൊത്തുപണി എന്നിവയുമായി ത്യക്കാക്കരയിലെ പള്ളികളിലെ സ്ഥിരം സാനിധ്യമായിരുന്നു. ജോസഫ് പള്ളികളിലെ ചുമര്‍ ചിത്രങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. റോക്കി കൊത്തുപണിയിലാണ് കൂടുതല്‍ തിളങ്ങിയത്. മാത്യൂസ് ചുമരെഴുത്തിലും ബാനര്‍ എഴുതുന്നതിലും, വ്യക്തി ചിത്രം വരയ്ക്കുന്നതിലും കേമനായിരുന്നു… ഇടപ്പള്ളിയില്‍ പണ്ട് മാത്യൂസ് വരച്ച ഇലക്ഷന്‍ ചുമര് പഴയ മാര്‍ക്കറ്റിന് സമീപം ഇപ്പോഴും കാണാം. കാളപ്പെട്ടിക്ക് വോട്ട് ചോദിച്ചുള്ള ചുമരെഴുത്താണ് അത്. അദ്ദേഹം പഴയ കോണ്‍ഗ്രസുകാരനായിരുന്നു. കോണ്‍ഗ്രസിന്‍റെ ചുമരെഴുത്ത് മിക്കവാറും അദ്ദേഹമായിരുന്നു. ഫ്ളെക്സും, അച്ചടിയും വ്യാപകമല്ലാത്ത കാലത്തായിരുന്ന ചുമരഴുത്ത്. ത്യക്കാക്കരയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ചുമരെഴുത്ത് മാത്രമാണ് പ്രചാരത്തിലുണ്ടായിരുന്നത്.
ത്യക്കാക്കരയിലെ പ്രശസ്തമായ കളര്‍ ലൈഫ് എന്ന സ്റ്റുഡിയോ നടത്തുന്നത് മാത്യൂസിന്‍റെ മകന്‍ ആന്‍റണിയാണ്. നല്ല ചിത്രകാരന്‍കൂടിയായ ആന്‍റണി ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹം വരച്ച ഒട്ടേറെ രംഗപടങ്ങള്‍ നാടകങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ചിത്രകലയില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിതാവ് കോണ്‍ഗ്രസിന് ചുമരെഴുതിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ആന്‍റണി ഇടത് പക്ഷത്തിന് വേണ്ടിയാണ് ചുമരുകള്‍ എഴുതിയത്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മികച്ച ചുമരെഴുത്തുകള്‍ വേണമായിരുന്നു. ആര്‍ട്ടിസ്റ്റ് ജോര്‍ജ് കലഭവനില്‍ നിന്ന് ചിത്രകല പഠിച്ച് ഈ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ്. ഇപ്പോള്‍ ചിത്രകലാ അദ്ധ്യാപകന്‍ എന്ന നിലയില്‍ ജോര്‍ജിന് ഒട്ടേറെ ശിഷ്യന്‍മാരും ഉണ്ട്.
ത്യക്കാക്കരയിലെ സാംസ്കാരിക കൂട്ടായ്മയില്‍ നിന്ന് പുറത്ത് വന്നിരുന്ന കൈയ്യെഴുത്ത് മാസിക ചേതന പണ്ട് വളരെ പ്രശസ്തമായിരുന്നു. അതിന്‍റെ ചിത്രപണി മുഴുവന്‍ ചെയ്തിരുന്നത് ചേലപ്പുറത്ത് സി ബി മുരളീധരന്‍ എന്ന മുരളിയായിരുന്നു. തികഞ്ഞ ഇടത് പക്ഷവാദിയായിരുന്ന അദ്ദേഹം ത്യക്കാക്കരയിലേയും കളമശ്ശേരിയിലേയും ഒട്ടുമിക്ക ചുമരുകളിലും കലാപ്രകടനം നടത്തിയിട്ടുണ്ട്.
പ്രശസ്തനായ ഈസ്റ്റ് മാന്‍ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായിരുന്ന വ്യക്തിയാണ് ആര്‍ട്ടിസ്റ്റ് തോമസ്. പഴയ ഫോട്ടോകള്‍ പുതുക്കി നല്‍കയും, വ്യക്തമല്ലാത്ത ഫോട്ടോകള്‍ വരച്ച് നല്‍കിയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഏറെകാലം ത്യക്കാക്കര കൊല്ലംകുടി മുകളില്‍ താമസിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ ആലുവ പാനായികുളത്തുണ്ട്. ചിത്രകൂടം സേവ്യര്‍ സമാനമായി കലാലോകത്തുണ്ടായ അനുഗ്രഹിത കലാകാരനാണ്. ചിത്രകാരനും, കാരിക്കേച്ചറിസ്റ്റുമായ ജോണ്‍ ആര്‍ട്ട്സ് കലാഭവന്‍ കര്‍ദിനാള്‍ സ്ക്കൂളിന് തൊട്ട് താഴെ തന്നെയാണ് താമസം. കലാഭവനിലെ ചിത്രകലാ അദ്ധ്യാപകനായിരുന്നു. കര്‍ദിനാള്‍ സ്ക്കൂളിന് സമീപം തന്നെയാണ് ചിത്രകാരി രാജനന്ദിനിയും.
ഫാക്റ്റില്‍ പരസ്യ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായിരുന്ന ശബരീനാഥ്. അഞ്ച് വര്‍ഷം അവിടെ ജോലി ചെയ്ത് സ്വയം പിരിഞ്ഞ് സ്വതന്ത്രമായി ചിത്രകലയില്‍ അദ്ദേഹം വ്യാപ്രതനായി. പ്രായം കൊണ്ട് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അദ്ദേഹം വരച്ചു കൂട്ടിയ കാന്‍വാസുകള്‍ എത്രയെത്രയാണ്. ജി അരവിന്ദനൊപ്പം ബാല്യകാലവും, യുവത്ത്വവും ചിലവിട്ട ശബരീനാഥ്, രാമു എന്ന കഥാപാത്രത്തിന്‍റെ മാത്യകയാണ്. അരവിന്ദനെ പോലെ ശബരീനാഥും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു.
പുതുതലമുറയിലെ ഒട്ടേറെ പേര്‍ ഇപ്പോള്‍ ചിത്രകലയില്‍ കഴിവ് തെളിയിക്കുന്നു. ചിത്രകലയും, ഡിസൈനിങ്ങും പാഠഭാഗമായതോടെ ഒട്ടേറെ യുവാക്കള്‍ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആര്‍എല്‍വിയിലും, ഫൈനാര്‍ട്ട്സ് കോളേജിലും, അനിമേഷന്‍ പഠന കേന്ദ്രങ്ങളിലും ചിത്രകല പഠിക്കുന്ന ത്യക്കാക്കരയില്‍ നിന്നുള്ള നൂറിലേറെ പേരെ കാണാം.