ദുബൈ: അതിനൂതന സാങ്കേതികവിദ്യകളും സ്റ്റാർട്ടപ്പുകളും പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ ടെക് പ്രദർശന മേളകളിലൊന്നായ ജൈ-ടെക്സിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദുബൈ വേൾഡ് ട്രേഡ് സെന്റർ (ഡി.ഡബ്ല്യു.ടി.സി) അറിയിച്ചു. ഒക്ടോബർ 14 മുതൽ 18 വരെ വേൾഡ് ട്രേഡ് സെന്ററിലും 13 മുതൽ 16 വരെ ദുബൈ ഹാർബറിലുമായാണ് മേള സംഘടിപ്പിക്കുന്നത്. പ്രദർശകർക്കും സന്ദർശകർക്കും മേളയിൽ പങ്കെടുക്കാനായി ആർ.ടി.എ, ദുബൈ പൊലീസ്, ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി എന്നിവരുമായി സഹകരിച്ച് ഡി.ഡബ്ല്യു.ടി.സി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക ഇടങ്ങൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി തയാറാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദുബൈ മെട്രോയുടെ വിവിധ പാർക്കിങ്ങുകളിൽ വാഹനങ്ങൾ നിർത്തിയ ശേഷം റെഡ് ലൈനിലൂടെ വേൾഡ് ട്രേഡ് സെന്ററിലേക്ക് മെട്രോ വഴി യാത്ര ചെയ്യുന്നതാണ് സൗകര്യപ്രദമായ ഒരു മാർഗം.
ഇത്തിസലാത്ത്, സെന്റർ പോയന്റ് മെട്രോ സ്റ്റേഷൻ പാർക്കിങ്ങുകൾ, ജബൽ അലി മെട്രോ സ്റ്റേഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് വിശാലമായ പാർക്കിങ് സൗകര്യങ്ങളുള്ളത്. മാക്സ് മെട്രോ സ്റ്റേഷൻ പരിസരത്തെ അൽ കിഫാഫ് ബഹുനില പാർക്കിങ് സൗകര്യവും ഉപയോഗിക്കാം. വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷൻ, മാക്സ് മെട്രോ സ്റ്റേഷൻ, ജൈറ്റക്സ് ഗ്ലോബൽ പാർക്കിങ് ഏരിയ എന്നിവക്കിടയിൽ ആർ.ടി.എയുടെ ബസുകൾ ഷട്ട്ൽ സർവിസ് നടത്തും.
അൽ മൈദാൻ സ്ട്രീറ്റിൽനിന്ന് വരുന്നവർക്ക് അൽ മുസ്താഖ്ബൽ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിൽനിന്ന് വരുന്നവർക്ക് അൽ സുകുക്ക് സ്ട്രീറ്റ് എന്നിങ്ങനെയുള്ള ബദൽ റൂട്ടുകൾ ഉപയോഗിച്ച് ഫിനാൻഷ്യൽ സെന്റർ ഏരിയയിലെത്താം. ഈ സ്ഥലങ്ങളിലെ പാർക്കിങ് സംബന്ധിച്ച തത്സമയ അപ്ഡേറ്റുകൾക്കായി ജൈ-ടെക്സ് പ്ലസ് ആപ് ഉപയോഗിക്കാം. കൂടാതെ, വേദിയിലേക്ക് 300 ടാക്സികളും സജ്ജമാണ്. രണ്ടാമത്തെ വേദിയായ ദുബൈ ഹാർബർ പരിസരത്തും വിപുലമായ പാർക്കിങ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, പാം ജുമൈറ, നഖീൽ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ബസ് സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൈ ഡൈവ് ഏരിയയിൽനിന്ന് ജലഗതാഗത സൗകര്യങ്ങളും ഉപയോഗിക്കാം. നിലവിലെ ട്രാഫിക് സാഹചര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാൻ സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ ഫോളോ ചെയ്യണം. ദുബൈ പൊലീസ് ആപ്പിലും അറിയിപ്പുകൾ ലഭിക്കും.












