കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും 24 പരിസ്ഥിതി സംഘടനകളും സമർപ്പിച്ച ഹർജികൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കർഷകസംഘം അതിജീവനഹർജി നൽകും.
ഇടുക്കി ജില്ലയിൽ നിന്ന് 25,000 പേരാണ് ഇ മെയിൽ സന്ദേശം വഴിയാണ് അതിജീവനഹർജി സമർപ്പിക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ നൽകിയ ഹർജി വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മുഗൾ റോത്തഗിയാണ് ഹാജരാകുന്നത്.
കസ്തൂരിരംഗൻ കമ്മിറ്റിയും ഉമ്മൻ വി. ഉമ്മൻ സമിതിയും ഇ.എസ്.എ പ്രഖ്യാപിച്ച കേരളത്തിലെ 123 വില്ലേജുകളിൽ 31 എണ്ണത്തെ പൂർണ്ണമായും ഒഴിവാക്കിയും ബാക്കി 91 വില്ലേജിൽ സംരക്ഷിത വനം മാത്രം ഇ.എസ്.എ ആയി പരിഗണിച്ചുമാണ് എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. സർക്കാർ നിലപാട് അംഗീകരിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സുപ്രീം കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘം ഹർജി നൽകുന്നത.് വ്യാഴാഴ്ച രാവിലെ മുതൽ ഹർജി നൽകും. കർഷകസംഘം ജില്ലാ പ്രസിഡണ്ട് സി.വി വർഗീസ് തങ്കമണിയിലും ജില്ലാ സെക്രട്ടറി എൻ.വി ബേബി അടിമാലിയിലും ട്രഷറർ എൻ. ശിവരാജൻ കട്ടപ്പനയിലും സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ ചെറുതോണിയിലും പി.പി ചന്ദ്രൻ കാഞ്ഞാറിലും നേതൃത്വം നൽകും. supremecourt@nic.in എന്ന ഈ മെയിൽ വിലാസത്തിലാണ് ഹർജികൾ അയക്കുക.
