കുവൈത്ത് സിറ്റി : കിർഗിസ്താൻ, തജിക്കിസ്താൻ, ഉസ്ബകിസ്താൻ എന്നിവ തമ്മിലുള്ള സൗഹൃദം വർധിപ്പിക്കുന്നതിനുള്ള ഖുജന്ദ് പ്രഖ്യാപനത്തെയും മൂന്ന് രാജ്യങ്ങൾക്കിടയിലുള്ള അതിർത്തികളിലെ സമ്പർക്ക പോയിന്റ് നിർവചിക്കുന്നതിനുള്ള ഉടമ്പടി ഒപ്പുെവച്ചതിനെയും കുവൈത്ത് സ്വാഗതം ചെയ്തു. സഹകരണം പ്രതിഫലിപ്പിക്കുന്ന ഈ നല്ല നടപടിയെ കുവൈത്ത് പ്രശംസിക്കുന്നു. നയതന്ത്രപരമായി പ്രശ്നം പരിഹരിച്ചതിന് മൂന്ന് രാജ്യങ്ങളെയും അഭിനന്ദിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു.ഖുജന്ദ് പ്രഖ്യാപനത്തിന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും നേരത്തെ പിന്തുണ അറിയിച്ചിരുന്നു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിൽ ചരിത്രപരമായ വഴിത്തിരിവായി ഇത് അടയാളപ്പെടുത്തുമെന്നും സുരക്ഷ, സ്ഥിരത, സമൃദ്ധി, വികസനം എന്നിവ വർധിപ്പിക്കുന്നതും അടിത്തറയായി വർത്തിക്കുമെന്നും ഇത് മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും അൽ ബുദൈവി പ്രത്യാശ പ്രകടിപ്പിച്ചു
