ദോഹ : സ്വദേശികൾക്ക് പുറമെ പ്രവാസികളായ ബിരുദധാരികൾക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ).പുതിയ ബിരുദധാരികളിൽ പ്രവാസി താമസക്കാർക്കും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നുണ്ട്. എൻജിനീയറിങ്, ഭരണനിർവഹണ വിഭാഗങ്ങളിൽ ഉൾപ്പെടെ അവസരങ്ങൾ നൽകുന്നുണ്ടെന്ന് കഹ്റാമ മാനവ വിഭവ ശേഷി വകുപ്പ് ഓഫിസർ മുഹമ്മദ് അഹമ്മദ് അൽ ഖാദർ പറഞ്ഞു. ദോഹ സയൻസ്–ടെക്നോളജി സർവകലാശാലയിൽ നടന്ന ദ്വിദിന കരിയർ ഫെയറിൽ പങ്കെടുത്തു കൊണ്ടാണ് ഇക്കാര്യം വിശദമാക്കിയത്. പ്രവർത്തി പരിചയമില്ലാത്ത പുതിയ ബിരുദധാരികൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനത്തിനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
80 പ്രാദേശിക, വിദേശ കമ്പനികളാണ് കരിയർ ഫെയറിൽ പങ്കെടുത്തത്. മേളയിലെത്തിയ ഉദ്യോഗാർഥികൾക്ക് 900 ത്തിലധികം ഫുൾ–ടൈം, പാർട്–ടൈം തൊഴിൽ അവസരങ്ങളും ഇന്റേൺഷിപ്പിനുള്ള സൗകര്യവും ലഭിച്ചത്. നിലവിൽ സർവകലാശാലകളിലെ ബിരുദ വിദ്യാർഥികൾ, ബിരുദം നേടിയവർ, ഹൈസ്കൂൾ വിദ്യാർഥികൾ എന്നിവരുടെ മികച്ച പങ്കാളിത്തമാണ് മേളയിലുണ്ടായിരുന്നത്. നേരിട്ടുള്ള തൊഴിൽ അഭിമുഖങ്ങളും നടന്നു.
