ദോഹ : ഖത്തറിൽ ഏകദേശം 36 ലക്ഷം ഖത്തർ റിയാൽ (ഏകദേശം ₹86 കോടി ഇന്ത്യൻ രൂപ) നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നിയമനടപടി ആരംഭിച്ചു. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ടാക്സ് അതോറിറ്റി (GTA) അറിയിച്ചു.
നികുതി അതോറിറ്റിയിലെയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലെയും വിദഗ്ധ യൂണിറ്റുകൾ ചേർന്ന് ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് വെട്ടിപ്പിന്റെ തെളിവുകൾ ലഭിച്ചത്. കമ്പനികൾ യഥാർഥ വരുമാനം മറച്ചുവെക്കുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തി.
നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് കൈമാറിയതോടെ, കൂടുതല്‍ കടുത്ത നിയമ നടപടികളാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ നിയമലംഘനം നടത്തിയ കമ്പനികളുടെ പേരുകൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിർബന്ധിത സമയപരിധിക്ക് മുൻപായി കൃത്യമായി നികുതി അടയ്ക്കണം. സാമ്പത്തിക നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.