കെ.അരവിന്ദ്
ലോക്ക് ഡൗണില്‍ അയവ് വന്നതോടെ രാജ്യവ്യാപകമായി ജനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു വരുന്നു. ഇഎംഐ ആയി പേമെന്റ് നല്‍കുന്ന രീതിയില്‍ വില കുറഞ്ഞ സാധനങ്ങള്‍ പോലും വാങ്ങുന്നതിനാണ് ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുന്നത്. ഇത് ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ വായ്‌പാ ബിസിനസ് മെച്ചപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
സ്‌മാര്‍ട്ട്‌ഫോണ്‍, മിക്‌സര്‍ ഗ്രൈന്റര്‍, അടുക്കള ഉപകരണങ്ങള്‍, ഹെഡ്‌ഫോണ്‍, സ്‌പീക്കര്‍, മറ്റ് വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുകയും പല മാസഗഡുക്കളായി അതിന്റെ പണം നല്‍കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. കോവിഡിനെ തുടര്‍ന്ന് ജനങ്ങളുടെ വരുമാനം കുറഞ്ഞതാണ് ഇഎംഐ ആയി പേമെന്റ് നല്‍കുന്ന രീതി വര്‍ധിക്കാന്‍ കാരണം.
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറയുന്നതിന് കാരണമായി. ശമ്പളം കിട്ടാന്‍ വൈകുകയോ ശമ്പളത്തില്‍ കാര്യമായ വെട്ടിക്കുറയ്‌ക്കല്‍ ഉണ്ടാവുകയോ ജോലി തന്നെ ഭീഷണിയിലാവുകയോ ചെയ്‌തവര്‍ ഒട്ടേറെയാണ്. ഈ സാഹചര്യത്തില്‍ മിക്കവരും പണം വളരെ സൂക്ഷിച്ച് മാത്രം ചെലവിടുന്നു. ഒന്നിച്ച് പേമെന്റ് ചെയ്യുന്നതിന് പകരം പല മാസങ്ങളിലായി പണം നല്‍കുന്ന രീതി കൂടുതല്‍ ആളുകള്‍ അവലംബിക്കുന്നു. പ്രതിസന്ധി കാലത്ത് പണം കഴിയുന്നതും കൈവശം വെക്കുക എന്ന കരുതലാണ് ഇതിന് പിന്നില്‍. ഇത് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് ഗുണകരമായി മാറി.
നേരത്തെ കണ്‍സ്യൂമര്‍ ഫിനാന്‍സ് വിപണിയില്‍ മേധിവാത്തമുണ്ടായിരുന്ന എന്‍ബിഎഫ്‌സികള്‍ ബിസിനസില്‍ പിന്നോക്കം പോയത് ഇതിന് ഒരു കാരണമാണ്. എന്‍ബിഎഫ്‌സികളും ബാങ്കുകളും നല്‍കിയിരുന്ന സീറോ ഇന്ററസ്റ്റ് ഇഎംഐ സ്‌കീം ഇപ്പോള്‍ ലഭ്യമല്ല. പല കമ്പനികളും അത്തരം സ്‌കീമുകള്‍ പിന്‍വലിച്ചു. ഇതോടെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചത്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ഇഎംഐ ആയി പേമെന്റ് നല്‍കുന്ന സ്‌കീമുണ്ട്. കോവിഡിന് മുമ്പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്‌പ 30-40 ശതമാനമാണ് വര്‍ധിച്ചത്.
പൊതുവെ ക്രെഡിറ്റ് ബിസിനസില്‍ കോവിഡ് കാലത്ത് 70 ശതമാനം ഇടിവാണ് ഉണ്ടായത്. അതേ സമയം എന്‍ബിഎഫ്‌സികളുടെ കണ്‍സ്യൂമര്‍ ഫിനാന്‍സ് മൂന്നിലൊന്നായി കുറഞ്ഞു. ഇതാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് ഗുണകരമായത്.
ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ ബിസിനസ് മെച്ചപ്പെടാനാണ് സാധ്യത. ഈ രംഗത്തു നിന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ള ഏക കമ്പനി എസ്‌ബിഐ കാര്‍ഡ്‌സ് ആണ്. കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനി ഐപിഒ നടത്തിയത്.



















