കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നതിന് രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കി ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഒറ്റ-ഇരട്ട അക്ക നമ്പർ നിയന്ത്രണമാണ് നിലവിൽ വരുന്നത്.
ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.
സമ്പർക്കരോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഞായറാഴ്ച കണ്ടെയിൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കണ്ടെയിൻമെന്റ് സോണുകളിൽ ഒന്നിടവിട്ട കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ആളുകൾക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. തീരദേശമേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 15-20 വീടുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.












