മനാമ : കേരളപ്പിറവി ദിനത്തിൽ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ സംഗീത ആൽബമൊരുക്കിയിരിക്കുകയാണ് ബഹ്‌റൈനിലെ ഒരുകൂട്ടം കലാകാരൻമാർ . ബഹ്‌റൈനിലെ വ്യത്യസ്ത പ്രായത്തിലുള്ള അൻപതോളം ഗായികാ ഗായകന്മാരാണ് ;മ; എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത ദൃശ്യ ആവിഷ്കാരത്തിൽ അണിനിരന്നത്.
ബഹ്‌റൈനിലെ നിരവധി സംഗീത ആൽബങ്ങൾക്ക് പിന്നണി ഒരുക്കുകയും സംഗീത സംവിധാനം ഒരുക്കുകയും ചെയ്ത ഷിബിൻ പി സിദ്ദിഖാണ് ഇത്തരം ഒരു ആശയയവുമായി മുന്നോട്ട് വന്നത്.ശ്രീജിത്ത് ശ്രീകുമാറിന്‍റെ രചനയിൽ ഗാനം ചിട്ടപ്പെടുത്തി. അൻപതോളം ഗായകരെ ലഭ്യമാക്കുക എന്നത് വലിയ കടമ്പയായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ ഇത്രയും പേരുടെ പാട്ടുകൾ റെക്കോർഡ് ചെയ്യുക എന്നതും ഒരു വെല്ലുവിളി ആയിരുന്നു. ഒടുവിൽ ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ് കൂടി ഈ ദൗത്യത്തിന് പിന്തുണ നൽകിയതോടെയാണ് ആൽബം യഥാർഥ്യമായത്.
മ്യൂസിക് ക്ലബിലെ കലാകാരന്മാർ തന്നെ ആൽബത്തിന് ദൃശ്യാവിഷ്‌കാരം ചെയ്യാൻ സന്നദ്ധരാവുകയും ചെയ്തതോടെ നൃത്തവും പാട്ടും ചേർന്നുള്ള അക്ഷരങ്ങളുടെ ഈ സംഗീത ദൃശ്യ ആൽബത്തിന് ഊടും പാവുമായി.ശ്രീജിത്ത് ശ്രീകുമാറിന്‍റെ സംവിധാനത്തിൽ ബഹ്‌റൈനിലെ മികച്ച ഛായാഗ്രാഹകനായ ജേക്കബ് ക്രിയേറ്റീവ് ബീസ് ക്യാമറയും ജയകുമാർ വയനാട് ഫൊട്ടോഗ്രഫിയും നിർവഹിച്ചു.
സാരംഗി,ഡോ .സിത്താര,സിന്ധ്യ എന്നിവർ ചേർന്ന് നൃത്തരംഗങ്ങൾ ഒരുക്കി.സോപാനത്തിന്‍റെ ചെണ്ടയും,വിഷ്ണു നാടക ഗ്രാമത്തിന്‍റെ കളരിയും അനീന മറിയം,സജീവൻ കണ്ണപുരം,ലളിത ധർമ്മരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചമയവും ഒരുക്കി.കേരളത്തിൽ നിന്നുള്ള നിരവധി സംഗീത കലാകാരന്മാർ പാട്ടിന്‍റെ പിന്നണിയിലും പ്രവർത്തിച്ചു. രതീഷ് പുത്തൻ പുരയിലിന്‍റെ നിർമാണ നിർവഹണത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ യുട്യൂബിലാണ് ഡ്രീംസ് ഡിജിറ്റൽ മീഡിയ ഒരുക്കിയ ഈ ആൽബം റിലീസ് ചെയ്തിട്ടുള്ളത്.
