ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന് ഹൃദ്യമായ സ്വീകരണമൊരുക്കി ഖത്തറിലെ പ്രവാസി സമൂഹം. ഏഷ്യൻ കോഓപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
മൂന്നു ദിനങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കുകയും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്ത ശേഷം, വ്യാഴാഴ്ച രാത്രി അൽ വക്റയിലെ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലാണ് എംബസി അപെക്സ് ബോഡി നേതാക്കളും എംബസി ഉദ്യോഗസ്ഥരും, കമ്യൂണിറ്റി നേതാക്കളും ഉൾപ്പെടെ സ്വീകരണം നൽകിയത്.
ഇന്ത്യയും ഖത്തറും തമ്മിലെ ശക്തമായ ഉഭയകക്ഷി സൗഹൃദം കെട്ടിപ്പടുക്കുന്നതിൽ പ്രവാസി ഇന്ത്യക്കാരുടെ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. പ്രവാസി ബിസിനസ് സമൂഹം, പ്രഫഷനലുകൾ, തൊഴിലാളികൾ, വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ മേഖലകളിലെ സേവനങ്ങളെ അദ്ദേഹം സ്വീകരണ പരിപാടിയിൽ പ്രശംസിച്ചു.
അംബാസഡർ വിപുൽ, അപെക്സ് ബോഡി ഭാരവാഹികൾ എന്നിവർ അംബാസഡർക്ക് സ്നോഹോപഹാരം സമ്മാനിച്ചു. ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡൻറ് താഹ മുഹമ്മദ് എന്നിവർ പങ്കെടുത്തു. മൂന്നു ദിനങ്ങളിലായി ഖത്തറിലെ വിവിധ പരിപാടികളിൽ മന്ത്രി കീർത്തി വർധൻ സിങ് സംബന്ധിച്ചു.











