കൊച്ചി: കളമശ്ശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. പാലാരിവട്ടം പാലം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് ലീഗില്‍ പ്രതിഷേധം പടരാന്‍ കാരണം. അബ്ദുല്‍ ഗഫൂറിനെ മാറ്റി അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വിമതരുടെ ആവശ്യം. 18 അംഗ എറണാകുളം ജില്ല കമ്മറ്റിയിലെ 12 അംഗങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അഹമ്മദ് കബീറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ അഹമ്മദ് കബീനെ സ്ഥാനാര്‍ഥിയാക്കണമെന്ന് വി്മത വിഭാഗം വിളിച്ച് ചേര്‍ത്ത കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 500 ലേറെ പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പാലാരിവട്ടം പാലം ചച്ചയാകുന്ന സാഹചര്യത്തില്‍ ഇബ്രാഹീം കുഞ്ഞിന്റെ മകനെ സ്ഥാനാര്‍ത്ഥിയാകുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മങ്കട എംഎല്‍എയായ ടി എ അഹമ്മദ് കബീറിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ജില്ല ലീഗ് പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദിന്റ നേതൃത്വത്തിലായിരുന്ന യോഗം. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യവുമായി അഹമ്മദ് കബീര്‍ രംഗത്തെത്തിയത്.
പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിം ലീഗില്‍ നിന്നുയര്‍ന്ന അസാധാരണ പ്രതിഷേധം യുഡിഎഫ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അസംതൃപ്തരായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനും സിപിഎം ശ്രമം തുടങ്ങി. വി.കെ ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ എതിരാളിയായിയെത്തിയത് നേട്ടമായെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.